India Kerala

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെ കാണാതായതായി സംശയം

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ലോക്കാട് ഗ്യാപ്റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ ദേശീയപാത നിർമാണ തൊഴിലാളികളായ രണ്ടുപേരെ കാണാതായതായി സംശയം. തമിഴ്നാട് സ്വദേശികളാണ് മണ്ണിനടിയിൽ പെട്ടതെന്നാണ് സംശയം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു.

രണ്ട് മാസം മുമ്പ് വലിയ മലയിടിച്ചിൽ ഉണ്ടായ അതെ സ്ഥലത്താണ് കനത്ത മഴയെ തുറന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയപാത നിർമാണ തൊഴിലാളികളായ തമിഴ്നാട് സ്വദേശികൾ കമൽ അഗസ്റ്റിൻ, ഉദയൻ എന്നിവരെയാണ് കാണാതായത്. ഇരുവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.

പരിക്കേറ്റ പട്ടാമ്പി സ്വദേശി സുബീറിനെ രാജകുമാരിയിലും, പാൽരാജ്, ചിന്നൻ എന്നിവരെ മുന്നാറിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജെ.സി.ബി ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒരു ടോറസ് ലോറിയും, മണ്ണ്മാന്തി യന്ത്രവും പാറക്കെട്ടില്‍ പെട്ടു പൂർണമായും തകർന്നു. ശക്തമായ മഴയും, കോടയുമാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. മണ്ണ് നീക്കൽ നടപടിക്ക് ദിവസങ്ങൾ വേണ്ടിവരും.