കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ നവീകരണം ഇഴയുന്നതായി പരാതി. നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ നടന്നു വരുന്ന നവീകരണമാണ് ഇഴഞ്ഞു നീങ്ങുന്നത്.
ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ വരുന്ന ഭാഗം വളരെ അപകട സാധ്യതയുള്ളതാണ്. ഈ ഭാഗത്തെ നവീകരണങ്ങൾക്ക് തുടക്കമിട്ടിട്ട് രണ്ടു വർഷമായി. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ എങ്ങും എത്തിയിട്ടില്ല.ഇതോടൊപ്പം റോഡിന്റെ നിർമാണത്തിന് വേണ്ടി ഇറക്കിയ സാമഗ്രികൾ യാത്രക്കാർക്ക് ഭീഷണിയായി മാറുകയും ചെയ്തിരിക്കയാണ്. ഗതാഗതക്കുരുക്കും പതിവാണ്.
പാതയുടെ വീതി കൂട്ടുന്നതിനുള്ള സംരക്ഷണ ഭിത്തി നിർമാണവും നീണ്ടു പോകുന്ന അവസ്ഥയാണ് ഇതിനായി മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളിൽ അപകടങ്ങൾക്കുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്. വിനോദ സഞ്ചാര സീസണോട് അനുബന്ധിച്ച് മൂന്നാറിലേക്ക് ഉള്ള സഞ്ചാരികളുടെ തിരക്ക് ഇനിയും വർദ്ധിക്കുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുകയും അപകട സാധ്യതകൾ ഏറുകയും ചെയ്യും.