Kerala

കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കും? അനിശ്ചിതത്വം

കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും ആര് ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കോര്‍പറേഷനില്‍ വിജയിച്ച നാല് വിമതന്‍മാരുടെ നിലപാടാണ് ഭരണത്തില്‍ നിര്‍ണായകമാവുക. എല്‍ഡിഎഫ് വിമതന്‍റെയടക്കം പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്. ഇടത് വിമതന്‍ ഒപ്പം നില്‍ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

എല്‍ഡിഎഫിന്‍റെ 34 സ്ഥാനാര്‍ഥികളും യുഡിഎഫിന്‍റെ 31 സ്ഥാനാര്‍ഥികളുമാണ് കോര്‍പറേഷനില്‍ വിജയിച്ചത്. ബിജെപി വിജയിച്ച 5 സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഭരിക്കാന്‍ വേണ്ടത് 35 സീറ്റുകള്‍. 4 വിമതന്‍മാരാണ് ആകെ വിജയിച്ചത്. 23 ആം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് വിമതന്‍ കെ പി ആന്റണി വിജയിച്ചപ്പോള്‍ രണ്ട് കോണ്‍ഗ്രസ് വിമതന്‍മാരും ഒരു ലീഗ് വിമതനും വിജയം കൊയ്തു. കല്‍വത്തി ഡിവിഷനില്‍ നിന്നാണ് ലീഗ് വിമതനായി ടി കെ അഷറഫ് വിജയിച്ചത്. കോണ്‍‌ഗ്രസ് വിമതരായി മത്സരിച്ച സനില്‍ മോന്‍ എട്ടാം വാര്‍ഡില്‍ നിന്നും മേരി കലിസ്റ്റ് പ്രകാശന്‍ 22ആം വാര്‍ഡില്‍ നിന്നും വിജയിച്ചു. വിജയിച്ച നാല് വിമതന്‍മാരെയും ഒപ്പം നിര്‍ത്തിയാല്‍ മാത്രമാണ് യുഡിഎഫിന് ഭരണത്തില്‍ തുടരാന്‍ കഴിയുക.

ഏതെങ്കിലും ഒരു വിമതന്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം ഉറപ്പിക്കാം. എല്‍ഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച കെ പി ആന്റണി പിന്തുണക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ലീഗ് വിമതനായ ടി കെ അഷറഫിനെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം എല്‍ഡിഎഫ് ആരംഭിച്ചിട്ടുണ്ട്. എല്‍ഡിഎഫ് വിമതനടക്കമുള്ളവരോട് ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നാല് പേരെയും ഒപ്പം നിര്‍ത്തി ഭരണം ഉറപ്പിക്കാനുള്ള തീവ്രശ്രമമാണ് യുഡിഎഫ് നടത്തുന്നത്.