കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്ന് സൌമിനി ജെയിനെ മാറ്റാന്‍ സമ്മര്‍ദ്ദ നീക്കവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. തിരുവനന്തപുരത്തുള്ള എം.പി ഹൈബി ഈഡന്റെയും എം.എല്‍.എ ടി.ജെ വിനോദിന്റെയും നേതൃത്വത്തില്‍ കെ.പി.സി.സി യില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരെ കൂടെ കൂട്ടി പ്രതിരോധത്തിലാക്കാനുള്ള തീരുമാനത്തിലാണ് മേയര്‍.
മേയറെ തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിലാണ് കെ.പി.സി.സി അധ്യക്ഷനെങ്കിലും ഇതിനെ ഏത് വിധേനയും മറികടക്കാനാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആലോചന. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ എറണാകുളം എം.പി ഹൈബി ഈഡനും നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തുള്ള എം.എല്‍.എ ടി.ജെ വിനോദും കെ.പി.സി.സി നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും. മേയര്‍ സ്ഥാനത്ത് സൌമിനി ജെയിന്‍ തുടരുന്നതിലെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അതൃപ്തി ഇരുവരും കെ.പി.സി.സി പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പാര്‍ട്ടിക്ക് വിധേയമായല്ല കോര്‍പ്പറേഷന്‍ ഭരണ സമിതി നിലനില്‍ക്കുന്നതെന്നും ഇത് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണമായെന്നും കെ.പി.സി.സിയെ അറിയിക്കും. മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള ഗ്രൂപ്പ് തര്‍ക്കവും മേയറെ ഉടന്‍ മാറ്റിയില്ലെങ്കില്‍ വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമെന്നും നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് നീക്കം. അതേ സമയം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരെ കൂടെ കൂട്ടി പാര്‍ട്ടിയെ പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ് മേയര്‍ സൌമിനി ജെയിന്‍. ഭരണസമിതിയില്‍ മൊത്തം അഴിച്ച് പണി ഉണ്ടാകുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരും ഏതാനും കൌണ്‍സിലര്‍മാരും മേയര്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥാനനഷ്ടം ഭയന്നുള്ള പിന്തുണയാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.