Kerala

കടൽക്കാറ്റും, ഭൂതകാല തിരകളും അടിക്കുന്ന കൊച്ചിയിലെ ബാസ്റ്റ്യൺ ബംഗ്ലാവ്

ഫോർട്ട് എന്നാൽ കോട്ടയെങ്കിൽ ബാസ്റ്റ്യൺ എന്നാൽ കൊത്തളമാണ്. ഫോർട്ട് കൊച്ചിയെ കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത ഇടമാണ് അവിടുത്തെ ബാസ്റ്റ്യൺ ബംഗ്ലാവ്.

നാല് നൂറ്റാണ്ടിലധികം നീണ്ട കൊളോണിയൽ കാലത്തിന്റെ ചരിത്ര സാക്ഷിയാണ് ഫോർട്ട് കൊച്ചി. 1503ൽ പോർച്ചുഗീസുകാർ ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ ഫോർട്ട് മാനുവൽ ഇവിടെ നിർമിച്ചു. 1663ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ തുരത്തി കൊച്ചി പിടിച്ചെടുത്തു. മാനുവൽ കോട്ടയെ നവീകരിച്ചു. ചതുരാകൃതിയിലുള്ള കോട്ടയ്ക്ക് എല്ലാ മൂലയിലും കൊത്തളങ്ങളുണ്ടായിരുന്നു. അതിലൊരു കൊത്തളത്തിന്റെ മുകളിലാണ് പിന്നീട് വന്ന ബ്രിട്ടീഷുകാർ ബാസ്റ്റ്യൺ ബംഗ്ലാവ് പണിതത്.

പുരാവസ്തു വകുപ്പിന്റെ ജില്ലാ പൈതൃക മ്യൂസിയമാണ് ഇപ്പോൾ ബാസ്റ്റ്യൺ ബംഗ്ലാവ്. കൊച്ചിയുടെ വാണിജ്യ ചരിത്രം വിശദമായി തന്നെ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. മുസിരിസ് പപൈറസ് ചുരുളുകൾ ഇന്തോ-റോമൻ വ്യാപാര ചരിത്രത്തിന്റെ ഓർമപ്പെടുത്തലാണ്.

അന്നത്തെ സാമൂഹ്യ ജീവിതം ചിത്രങ്ങളായും, വസ്തുക്കളായും ഇവിടെയുണ്ട്. മലബാറിലെ പ്രധാന സസ്യങ്ങളെ അടക്കം പരിചയപ്പെടുത്തിയ ഹോർത്തൂസ് മലബാറിക്കൂസ് ഗ്രന്ഥത്തെ കുറിച്ച് പറയാൻ മാത്രം ഒരു ഗാലറിയുണ്ട്. ഒപ്പം കടൽക്കാറ്റ് ഏൽക്കാത്ത ഭാഗത്ത് നിർമിച്ചിരിക്കുന്ന ഡച്ച് അടുക്കളയും.

കൊളോണിയൽ അധിനിവേശ ചരിത്രത്തിന്റെ ശേഷിപ്പായ ഈ ബംഗ്ലാവ് ഇന്നും സഞ്ചാരികളെ ആകർഷിച്ച് തലയെടുപ്പോടെ നിൽക്കുകയാണ്. കൊച്ചിയിലെത്തിയാൽ ബാസ്റ്റ്യൺ ബംഗ്ലാവ് കാണാതെ പോകരുത്…