കടമെടുപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച പോസിറ്റീവായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനപ്പെട്ട പല കാര്യങ്ങളിലും പ്രതികൂലമായ മറുപടിയാണ് ലഭിച്ചത്. കേരളം കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ വിചാരിച്ച പുരോഗതിയുണ്ടായില്ല. ന്യായമായി ലഭിക്കേണ്ട കാര്യങ്ങളില്‍ പോലും അനുകൂല തീരുമാനമുണ്ടായില്ല. നാളെ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും.
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി സുപ്രിംകോടതിയാണ് ചര്‍ച്ചയുടെ വഴിതുറന്നത്. കേരളം പ്രതീക്ഷയോടെ ഉറ്റു നോക്കിയ ചര്‍ച്ച വേണ്ടത്ര ഫലം കാണാതെയാണ് ഇന്ന് അവസാനിച്ചത്. സംസ്ഥാനം കോടതിയെ സമീപിച്ചതില്‍ കേന്ദ്രത്തിന് അതൃപ്തി ഉണ്ടാകേണ്ട കാര്യമില്ലെന്നും സംസ്ഥാന ധനമന്ത്രി വ്യക്തമാക്കി.
ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും വരെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള ശ്രമം തുടരാനാണ് കേരളത്തിന്റെ നീക്കം. കേന്ദ്രത്തിന്റെ പ്രതിനിധികളായി ധനകാര്യ സെക്രട്ടറിയും അഡിഷണല്‍ സോളിസിറ്റര്‍ ജനറലുമാണ് ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തത്.