പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലില്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ ടെക്‌നിക്കല്‍ തസ്തികകളിലേക്ക് വീണ്ടും പരീക്ഷ നടത്തുന്നുവെന്ന് ആരോപണം. 2018ല്‍ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റിന് 2020 മാര്‍ച്ച് വരെ കാലാവധി നിലനില്‍ക്കെയാണ് അതേ തസ്തികകളിലേക്ക് വീണ്ടും പരീക്ഷ നടത്തുന്നത്.
വെയിറ്റിംഗ് ലിസ്റ്റിലുള്ള 57 പേരെ അവഗണിച്ച് വീണ്ടും പരീക്ഷ നടത്തുന്നത് കോഴവാങ്ങി നിയമനം നടത്താനാണെന്നാണ് ആരോപണം. ജൂനിയര്‍ ഓപ്പറേറ്റര്‍, ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് ഇതിനുമുമ്പ് 2015ലാണ് നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയത്. പരീക്ഷക്കും സ്‌കില്‍ ടെസ്റ്റിനും ശേഷം 2018ല്‍ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റില്‍ നിന്നും 33 പേര്‍ക്ക് നിയമനവും ലഭിച്ചു.
2020 മാര്‍ച്ച് വരെ കാലാവധിയുള്ള ഈ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെയാണ് 70 പോസ്റ്റുകളിലേക്കായി വീണ്ടും പരീക്ഷ നടത്തുന്നത്. ഇന്നും നാളെയുമായി കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ചാണ് എഴുത്തുപരീക്ഷ. കമ്പനിയിലെ ട്രേഡ് യൂണിയനുകള്‍ക്ക് പണംവാങ്ങി നിയമനം നടത്തുന്നതിനായാണ് വീണ്ടും പരീക്ഷ നടത്തുന്നതെന്നാണ് ആരോപണം.
കരാര്‍ തൊഴിലാളികളെ ലാപ്പാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പണം വാങ്ങി സ്ഥിരംനിയമനം നല്‍കുന്നുണ്ടെന്ന ആക്ഷേപം കെ.എം.എം.എല്ലില്‍ നിലനില്‍ക്കുന്നുണ്ട്. നിയമനനിഷേധത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍.