കെ.എം ഷാജി എം.എല്‍.എയുടെ വീട് ക്രമപ്പെടുത്താന്‍ കോഴിക്കോട് കോർപ്പറേഷൻ പിഴയിട്ടു. വസ്തു നികുതിയിനത്തിൽ ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയും അനുമതി നൽകിയതിനെക്കാൾ കൂടുതല്‍ സ്ഥലത്ത് വീട് വെച്ചതിന് പതിനാറായിരം രൂപ പിഴയുമാണ് ചുമത്തിയത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ മാലൂര്‍ കുന്നില്‍ കെ. എം ഷാജി നിര്‍മ്മിച്ച വീട് ഉടന്‍ നിയേമ വിധേയമാക്കണമെന്നും ഇല്ലെങ്കിൽ പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതേ തുടര്‍ന്ന് നിയമവിധേയമാക്കാനുള്ള നടപടികള്‍ ഷാജി ആരംഭിക്കുകയും ചെയ്തു.ഈ ഘട്ടത്തിലാണ് കോര്‍പ്പറേഷന്‍ ഷാജിക്കെതിരെ പിഴ ചുമത്തുന്നത്. പിഴയായി 145000 രൂപ അടക്കണമെന്നാണ് നിര്‍ദ്ദേശം. ഇതില്‍ ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപ വസ്തു നികുതിയിനത്തില്‍ നല്‍കേണ്ടതാണ് . 16000 രൂപ അനുമതി നൽകിയതിനേക്കാൾ കൂടുതല്‍ സ്ഥലത്ത് വീട് വെച്ചതിനുള്ള പിഴയാണ്.
3000 സ്ക്വയര്‍ഫീറ്റ് വീട് പണിയാനായിരുന്നു അനുമതി. എന്നാല്‍ ഷാജി നിര്‍മ്മിച്ച വീടിന് 5260 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുണ്ട്. വസ്തു നികുതിയിനത്തില്‍ അടക്കേണ്ട 138000 രൂപക്കുള്ള നോട്ടീസ് കോര്‍പ്പറേഷന്‍ ഷാജിക്ക് കൈമാറിയിട്ടുണ്ട്. ഷാജി ഇപ്പോള്‍ സമര്‍പ്പിച്ച കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റു കൂടി പരിശോധിച്ച ശേഷം ബാക്കി തുകയടക്കാനുള്ള നോട്ടീസ് കൂടി കോര്‍പ്പറേഷന്‍ നല്‍കും. പിഴയടച്ചാല്‍ വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് ഷാജിക്ക് തത്കാലം മുക്തനാകാം.