India Kerala

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ആറു മാസം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ആറു മാസം തികയുകയാണ്. ശ്രീറാംവെങ്കിട്ടരാമന്‍ ഐ.എ.എസ് പ്രതിയായ കേസില്‍ ഇതുവരെയും ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് ആയില്ല. ശ്രീറാം വെങ്കിട്ട രാമന്‍ മദ്യപിച്ചിരുന്നതായി തെളിവുണ്ടാക്കാനും അന്വേഷണ സംഘം വലയുകയാണ്. അമിതമായി മദ്യപിച്ച തിരുവനന്തപുരം നഗരത്തില്‍ 100 കിലോമീറ്ററിലധികം വേഗതിയില്‍

ശ്രീറാംവെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കാറ് പായിച്ചതാണ് ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ജീവനെടുക്കാനുള്ള കാരണം. 2019 ഓഗ്സറ്റ് മൂന്നിനായിരുന്നു സംഭവം. ഇന്ന് ആറ് മാസം തികയുകയാണ്. അന്വേഷണം ഇപ്പോഴും പാതി വഴിയില്‍ തന്നെ. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചെന്നതിന് ഇതുവരെ തെളിവ് കണ്ടെത്താനായിട്ടില്ല. എഫ്.എസ്.എല്‍ ലാബില്‍ നിന്ന് ആറു പരിശോധനകളുടെ റിപ്പോര്‍ട്ട് കൂടി ക്രൈംബ്രാഞ്ചിന് കിട്ടാനുണ്ട്. അതിലും മദ്യപിച്ചായിരുന്നു അപകടം വരുത്തിയതെന്ന് ഉറപ്പിക്കാനാവില്ല.

റാഷ് ഡ്രൈവിംഗ്, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നീ കേസുകള്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ നിലനില്‍ക്കുകയുള്ളൂ. ചാര്‍ജ്ജ് ഷീറ്റാകട്ടെ അന്തമായി നീളുകയുമാണ്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമാണ് കേസിലെ പ്രതികള്‍. ആദ്യ ഘട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഗുരുത വീഴ്ച്ചയാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണം. എന്നാല്‍ കുറ്റം മ്യൂസിയം സ്റ്റേഷനിലെ ഒരു എസ്.ഐയുടെ മുകളില്‍ മാത്രമായി കെട്ടിവയ്ക്കപ്പെട്ടു.