സിപിഐഎമ്മിന് പരോക്ഷ മറുപടിയുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( kk sivaraman fb post on munnar encroachment )
അഞ്ചും ആറും ഏഴും ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങളെന്നും അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരുമെന്നും കെ.കെ ശിവരാമൻ പരിഹസിച്ചു. ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല, ഒരു കൃഷിയും നശിപ്പിച്ചിട്ടില്ല, ഭൂമി ഏറ്റെടുക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും കെ.കെ ശിവരാമൻ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഇന്നലത്തെ വിധി ദൗത്യ സംഘത്തിന് തിരിച്ചടിയല്ലെന്നും സിപിഐ നേതാവ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
കഴിഞ്ഞദിവസം മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി ദൗത്യ സംഘത്തിനും ജില്ലാ ഭരണകൂടത്തിനും വലിയ തിരിച്ചടിയാണെന്ന പ്രചാരണം വസ്തുതകളു മായി പൊരുത്തപെടുന്നത് അല്ല, ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല, ഒരു കൃഷിയും നശിപ്പിച്ചിട്ടില്ല, ഭൂമി ഏറ്റെടുക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്, പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം ഫലത്തിൽ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്, അഞ്ചേക്കറും നാലേക്കറും, 6 ഏക്കറും ക്കൈയേറിയ അവരാണോ പാവങ്ങൾ , അപ്പോൾ ടീസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരും , സിംഗ് കണ്ടം കോളനിയിലെ ഒരു പാവപ്പെട്ടവരെയും ഒഴിപ്പിക്കുന്നതിനുള്ള നീക്കം നടത്തിയതായി അറിയില്ല ഒരു സെന്റ് രണ്ട് സെന്റ് മൂന്ന് സെന്റ്, സ്ഥലങ്ങളിൽ കുട്ടിൽ കെട്ടി താമസിക്കുന്നവരാണ് അവർ, പാവങ്ങളെ സംബന്ധിച്ച് സർക്കാർ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്, വെള്ളൂർകുന്നം കുടുംബക്കാരുടെയും, അവർക്കു വേണ്ടപ്പെട്ടവരുടെയും, കോൺഗ്രസ് നേതാക്കന്മാരുടെയും, കയ്യേറ്റ ഭൂമി ഒഴിപ്പിക്കുക തന്നെ വേണം, ജില്ലയുടെ മറ്റു ഭാഗങ്ങളിലുംനൂറുകണക്കിന് ഏക്കർ ഭൂമി കൈയേറിയ വമ്പൻമാരുണ്ട്. ഇന്നലെ കോടതിയിൽ നിന്നുണ്ടായത് താൽക്കാലിക വിധി മാത്രമാണ്, കയ്യേറ്റം ഭൂമിയിലെ അനധികൃത നിർമ്മാണങ്ങളെ സംബന്ധിച്ച് ഹൈക്കോടതിയുടെ അന്തിമ വിധി എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം..