India Kerala

അയര്‍ലാന്‍ഡിലെ മലയാളി നഴ്‍സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ

അയര്‍ലാന്‍ഡിലെത്തുന്ന കേരളത്തില്‍നിന്നുള്ള നഴ്‍സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്താന്‍ ഐറിഷ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ഡബ്ലിനില്‍ അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സംഘടനയായ ക്രാന്തിയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കെകെ ശൈലജ കേരളത്തിലെ ആരോഗ്യമേഖലക്ക് നല്‍കിയ സംഭാവനകളെ കുറിച്ച ഷോര്‍ട് ഫിലിം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അയര്‍ലാന്‍ഡിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. കേരളവുമായുള്ള വിവരസാങ്കേതിക വിദ്യാ കൈമാറ്റം, ഗവേഷണം എന്നീ മേഖലകളില്‍ അയര്‍ലാന്‍ഡുമായി സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കായി ഐറിഷ് സര്‍ക്കാരുമായി സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു.‌

ചടങ്ങില്‍ അയര്‍ലാന്‍ഡില്‍‌ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഡോ. സുരേഷ് പിള്ള, ഡോ. ഷേര്‍ളി ജോര്‍ജ്, ഡോ. സുജ സോമനാഥന്‍, മോട്ടോ വര്‍ഗീസ്, ബിനില കുര്യന്‍, ബിനിമോള്‍, മിനോ മോബി, മനു മാത്യ, വിജയാനന്ദ് ശിവാനന്ദന്‍ എന്നിവരെ ആദരിച്ചു. ക്രാന്തിയുടെ പ്രസിഡന്റ് എകെ, ഷിനിത്, ലോക മലയാളി സമാജം അംഗവും ക്രാന്ത്രി സെക്രട്ടറിയുമായ അഭിലാഷ് തോമസ്, വൈസ് പ്രസിഡന്റ് പ്രീതി മനോജ് എന്നിവര്‍ സംസാരിച്ചു.