Kerala

വിനീത വി.ജിക്കെതിരെ കേസെടുത്ത സംഭവം സഭയിൽ ഉന്നയിക്കുമെന്ന് കെ.കെ രമ; കുറുപ്പംപടി പൊലീസിന്റേത് കുപ്രസിദ്ധമായ നടപടിയെന്ന് ഇ.ടി മുഹമ്മദ് ബഷീർ

നവകേരള യാത്രയ്ക്കിടയിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തം. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. വിമർശനങ്ങളെ ഭയക്കുന്നതുകൊണ്ടാണ് സർക്കാർ ഇത്തരം നടപടികളെടുക്കുന്നതെന്നും, സിഡിആർ ചോർന്നതിൽ അന്വേഷണം വേണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു. ( kk rema to raise vineetha vg issue in assembly )

‘സിപിഐഎമ്മിന് സ്ഥുതി പാടുന്നവരെല്ലാം നല്ലവർ. അവർക്കെതിരെ മോശം റിപ്പോർട്ട് ചെയ്യുന്നവരെല്ലാം മോശക്കാർ. അതാണ് ഇവിടെ സംഭവിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ നാല് വാക്ക് പൊക്കി പറഞ്ഞാൽ അവർ ഏറ്റവും നല്ല മാധ്യമ പ്രവർത്തകയാകും’- കെ.കെ രമ പറഞ്ഞു. ഒരു പെൺകുട്ടിയുടെ മനോവീര്യം കെടുത്തുകയാണ് ചെയ്തതെന്നും, അത് അംഗീകരിച്ചുകൊടുക്കാൻ സാധിക്കില്ലെന്നും കെ.കെ രമ വ്യക്തമാക്കി.

കുറുപ്പംപടി പൊലീസിന്റേത് കുപ്രസിദ്ധമായ നടപടിയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപിയും ചൂണ്ടിക്കാട്ടി. ‘എല്ലാ ഏകാധിപതികളും ഇങ്ങനെയാണ്. അവർക്കെതിരായിട്ട് എന്തെങ്കിലും സംസാരിച്ചാൽ തിരിച്ച് കള്ളക്കഥയുണ്ടാക്കുകയെന്നത് നരേന്ദ്ര മോദിയുടെ ശൈലിയാണ്. ഈ ശൈലിയാണ് പിണറായി വിജയനും പിൻപറ്റുന്നത്. വനിതാ റിപ്പോർട്ടർക്കെതിരെ കേസെടുത്തത് അപലപനീയം’- ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.