Kerala

കിഴക്കമ്പലം സംഘര്‍ഷം; നാല് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കിഴക്കമ്പലത്ത് പൊലീസിനെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച കേസില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്നത്തുനാട് സ്റ്റേഷനിലെ സിഐക്ക് നേരയുണ്ടായ വധശ്രമത്തിലെ പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രകോപനപരമായി സംഘം ചേര്‍ന്നു, സിഐയെ വധിക്കാന്‍ ശ്രമിച്ചു, മാരകായുധങ്ങള്‍ ഉയോഗിച്ച് ആക്രമിക്കല്‍ എന്നിങ്ങനെ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഘട്ടം ഘട്ടമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രധാനപ്രതികളെ മാത്രമായിരിക്കും കസ്റ്റഡിയില്‍ വാങ്ങുക. 174 പ്രതികളാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. അതിനിടെ സംഭവത്തില്‍ ലേബര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തി. തൊഴിലാളികള്‍ പലരും മദ്യപിച്ചിരുന്നു. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും പ്രശ്നത്തില്‍ ഇടപെട്ടു.

സ്ഥിതിഗതികള്‍ വഷളായതോടെ കിറ്റെക്സ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു.