Kerala

സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കിറ്റെക്സ് ജീവനക്കാരുടെ സമരം

കിറ്റെക്സുമായുള്ള പ്രശ്നത്തിൽ വ്യവസായ വകുപ്പ് അനുരഞ്ജന ശ്രമം തുടരുന്നതിനിടെ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ജീവനക്കാരുടെ സമരം. പ്രശ്‌നം പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടീസ് നല്‍കി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് കിറ്റെക്സിലെ 9500 ജീവനക്കാർ കമ്പനി പരിസരത്ത് വൈകിട്ട് ആറു മണിക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

അതിനിടെ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട്, വകുപ്പ് ഡയറക്ടർക്ക് കൈമാറി. 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിൻമാറിയതിനെ തുടർന്ന് അനുരഞ്ജന നീക്കവുമായി വ്യവസായ മന്ത്രി പി.രാജീവ് തന്നെ നേരിട്ട് ഇടപെടൽ നടത്തുന്നുണ്ട്. എന്നാൽ റെയ്ഡ് നടത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായാൽ മാത്രമേ സർക്കാരുമായി ചർച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് കിറ്റെക്സ്.