Kerala

‘കിളികൊല്ലൂരിൽ പൊലീസ് മർദനം; സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കിളികൊല്ലൂരിൽ പൊലീസ് മർദ്ദനമേറ്റ സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങൾക്കെതിരെ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പൊലീസുദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ആവശ്യമുണ്ട്.

തങ്ങളെ എ.എസ്.ഐ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതിന്റെ നിയമവിരുദ്ധത മറികടക്കാനായാണ് പൊലീസ് കേസെടുത്തത്. തന്റെയും സഹോദരന്റെയും ഭാവി തകർക്കുക എന്ന ലക്ഷ്യവും കേസിനു പിന്നിലുണ്ടെന്നും ഹർജിയിൽ വിഷ്ണു ആരോപിച്ചിട്ടുണ്ട്. കെട്ടിച്ചമച്ചെടുത്ത കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചാണ് പരിഗണിക്കുന്നത്.

കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവരുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ പൊലീസിനെതിരെ സൈനികന്റെ സഹോദരൻ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെയും ചേട്ടനെയും പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും സൈനികനാണെന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന്റെ ചെകിട്ടത്തടിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു. വിഷ്ണുവിന്റെ കാഞ്ചി വലിക്കുന്ന വിരൽ തല്ലിയൊടിച്ചു. അടിവസ്ത്രം മാത്രമിട്ട് വനിതാ പൊലീസുകാരുടെ മുന്നിലിട്ടായിരുന്നു ക്രൂരമർദനമെന്നും വിഘ്‌നേഷ് ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. പ്രതിരോധത്തിനിടയിൽ സൈനികൻ നൽകിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരുക്കേറ്റത്.