India Kerala

മസാല ബോണ്ട്: ലാവ്‍ലിന്‍ ബന്ധമുള്ള കമ്പനിയുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ചെന്നിത്തല

മസാല ബോണ്ട് ലാ‍വ്‍ലിന്‍ ബന്ധമുള്ള കമ്പനി വാങ്ങിയതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ‍ഞ്ഞ പലിശക്കാണ് ബോണ്ടുകള്‍ വിറ്റതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ വികസനം തടയാനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മസാല ബോണ്ടുകള്‍ കേന്ദ്ര സര്‍ക്കാരും വിവിധ ഏജന്‍സികളും പുറത്തിറക്കിയത് എട്ട് ശതമാനത്തിന് താഴെ പലിശ നിരക്കിലാണ്. കൊച്ചി മെട്രോക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വായ്പ എടുത്തത് 1.3 ശതമാനം പലിശക്കാണ്. വന്‍പലിശക്ക് മസാല ബോണ്ട് ഇറക്കിയതിന്‍റെ ഭാരം വരും തലമുറക്കാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാര്‍ച്ച് 23 മുതല്‍ 27 വരെ ലാവ്‍ലിന്‍ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തുണ്ടായിരുന്നപ്പോള്‍ ആരൊക്കെ ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആര്‍.ബി.ഐയുടെ അനുമതിയോടെ ലണ്ടന്‍ എക്സചേഞ്ച് വഴി ബോണ്ട് വില്‍പന നടത്തുന്നതിനെ വിവാദമാക്കുന്നത് വികസനം തടയാനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. മസാല ബോണ്ട് – ലാവ്‍ലിന്‍ വിവാദം കൂടുതല്‍ സജീവമാക്കികൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിന്‍റെ സൂചനയാണ് ഇന്നും കണ്ടത്.