India Kerala

ചോദ്യ ചിഹ്നമായി മാറി കിഡ്നി വെൽഫെയർ സൊസൈറ്റി

കിഡ്നി രോഗികൾക്ക് സഹായം നൽകുന്ന ബൃഹത് പദ്ധതി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി രൂപംകൊള്ളുന്നത് മലപ്പുറത്താണ്. കിഡ്നി വെൽഫെയർ സൊസൈറ്റി എന്ന പേരിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതി ഏറെ മാതൃകാപരമായിരുന്നു. അതിനിടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ചില സാങ്കേതിക തടസങ്ങൾ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

2006-2007 വർഷത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഡ്നി വെൽഫയർ സൊസൈറ്റി രൂപംകൊള്ളുന്നത്. കിഡ്നി രോഗികൾക്ക് ഡയാലിസിസിനുൾപ്പടെ സഹായം ചെയ്യുന്ന ബൃഹത് പദ്ധതിയാണ് വിഭാവനം ചെയ്തത്. ജില്ലാ പഞ്ചായത്ത് വിഹിതത്തിന് പുറമേ പൊതുജനങ്ങളും വിദ്യാർത്ഥികളും സന്നദ്ധ സംഘടനകളും പിരിവെടുത്ത് നൽകിയ പണം കൊണ്ടായിരുന്നു പ്രവർത്തനം. വളരെ വേഗത്തിൽ തന്നെ നിരവധി കിഡ്നി രോഗികൾക്ക് സാന്ത്വനമായി പദ്ധതി വ്യാപിച്ചു.

അർഹരായ കിഡ്നി രോഗികൾക്ക് ധന സഹായവും, മരുന്നും ഡയാലിസിസ് യൂണിറ്റും ഉൾപ്പടെ 24 കോടിയുടെ സഹായം 12 വർഷത്തിനിടെ ലഭ്യമാക്കി. രോഗിയുടെ പൂർണ വിവരങ്ങളും ചികിത്സാ-ധനസഹായ രേഖകളും സുതാര്യമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പക്ഷേ, അത്ര സുതാര്യത പോരാ എന്ന് കാണിച്ച്, സംസ്ഥാന സർക്കാർ പദ്ധതിക്ക് തടസം നിൽക്കുന്നു എന്ന ആക്ഷേപം ഇതിനകം ഉയർന്നു കഴിഞ്ഞു. സാങ്കേതിക തടസം സൃഷ്ടിക്കുന്ന നിരവധി ഉത്തരവുകൾ കിഡ്നി വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ആയിരക്കണക്കിന് കിഡ്നി രോഗികളുടെ സഹായമായിരുന്ന പദ്ധതി ഇപ്പോൾ ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.