Kerala

ശമ്പളം തടഞ്ഞുവക്കുന്നതിനെതിരെ കെ.ജി.എം.ഒ.എ സമരരംഗത്തേക്ക്

ഈ മഹാമാരിക്കെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ ആത്മാർത്ഥമായും വിശ്രമരഹിതമായും ജോലി ചെയ്തുവരുന്ന ഡോക്ടർമാരുടെ സേവനത്തെ തൃണവത്ഗണിച്ചു കൊണ്ട് ഒരു മാസത്തെ ശമ്പളം സർക്കാർ തടഞ്ഞുവക്കുകയുണ്ടായി

നമ്മുടെ സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിൻറെ മൂർധന്യാവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ജനുവരി മുതൽ കഴിഞ്ഞ ഒൻപത് മാസക്കാലമായി ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ സർക്കാർ ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകൾ ജോലി ചെയ്തുവരുന്നത്.

ഈ മഹാമാരിക്കെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ ആത്മാർത്ഥമായും വിശ്രമരഹിതമായും ജോലി ചെയ്തുവരുന്ന ഡോക്ടർമാരുടെ സേവനത്തെ തൃണവത്ഗണിച്ചു കൊണ്ട് ഒരു മാസത്തെ ശമ്പളം സർക്കാർ തടഞ്ഞുവക്കുകയുണ്ടായി. പ്രസ്തുത തീരുമാനം തിരുത്തണമെന്ന കെ ജി എം ഒ എ യുടെ നിരന്തരമായ അഭ്യർത്ഥന സർക്കാർ അംഗീകരിച്ചില്ല എന്നു മാത്രമല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സംഘടനയുമായി നടത്തിയ ചർച്ചയിലും അനുഭാവപൂർണമായ നിലപാട് നിർഭാഗ്യവശാൽ സർക്കാർ ഭാഗത്തു നിന്നുണ്ടായില്ല. പ്രതിഷേധ സൂചകമായി ഡോക്ടേഴ്സ് ദിനത്തിൽ അധികം ജോലി ചെയ്തു കൊണ്ട് നടത്തിയ സഹനസമരത്തിനും സർക്കാർ നിലപാട് തിരുത്താൻ സാധിച്ചില്ല.

ശമ്പളം തടഞ്ഞുവക്കുന്നത് അവസാനിച്ചു എന്നും മാറ്റിവച്ച ശമ്പളം തിരികെ ലഭിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ആറു മാസത്തേക്കു കൂടെ ശമ്പളം പിടിക്കൽ തുടരുമെന്ന മന്ത്രിസഭ തീരുമാനം വരുന്നത്. നമ്മുടെ രാജ്യത്ത് തന്നെ വിവിധ സംസ്ഥാനങ്ങളിലും ലോകത്താകമാനം പൊതുവിലും ആരോഗ്യ പ്രവർത്തകൾക്ക് അധിക സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി അവരുടെ സേവനം അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോളാണ് നമ്മുടെ സംസ്ഥാനത്ത് ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധകരമാണ്. ഡോക്ടർമാരുടെ ശമ്പളം തടഞ്ഞ് വെയ്ക്കരുതെന്ന് സുപ്രിംകോടതി വിധി ഉണ്ടായിട്ടും, സംസ്ഥാന സർക്കാർ തീരുമാനം മാറ്റാൻ തയ്യാറാവാത്തത് നിർഭാഗ്യകരമാണ്.

തങ്ങളുടെയും തങ്ങളുടെ കുടുംബങ്ങളുടെയും ജീവനും ആരോഗ്യവും തൃണവൽഗണിച്ചു കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന സർക്കാർ ഡോക്ടർമാരുടെ ശമ്പളം തടഞ്ഞുവക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെടുന്നു. ജീവനക്കാരിൽ നിന്നും പിടിച്ചെടുത്ത ശബളം ഉടൻ വിതരണം ചെയ്യുകയും വേണം. ഇതോടൊപ്പം അനുവദനീയമായ അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുണമെന്നും ആവശ്യപ്പെടുന്നു.

ന്യായമായ ഈ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികൾക്ക് സംഘടന നിർബന്ധിതമാകുമെന്ന് അറിയിക്കുന്നു.