ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടേഴ്സ് സംഘടനയായ കെജിഎംഒഎ. നാളെ മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല നിസഹകരണ സമരത്തിന് മാറ്റമില്ലെന്ന് കെജിഎംഒഎ അറിയിച്ചു. പരിശീലനങ്ങളും ഓണ്‍ലൈന്‍ യോഗങ്ങളും ഇ-സഞ്ജീവനയും നാളെ മുതല്‍ ബഹിഷ്‌കരിക്കും. ഈ മാസം 15 മുതല്‍ നിസഹകരണം കടുപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
അവലോകന യോഗങ്ങള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയവ ഈ മാസം 15 മുതല്‍ ബഹിഷ്‌കരിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം. ഡോക്ടേഴ്സിനെ മെഡിക്കല്‍ ബന്ദ് നടത്താന്‍ നിര്‍ബന്ധിതരാക്കരുതെന്നറിയിച്ച് ഡോക്ടേഴ്‌സ് നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎംഎയും രംഗത്തെത്തി.
കൊവിഡ് പ്രതിരോധത്തിന്റെ നട്ടെല്ലായ ഡോക്ടേഴ്സിന് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ആനുകൂല്യങ്ങള്‍ നല്‍കിയപ്പോള്‍, കേരളത്തില്‍ നേരിട്ടത് കടുത്ത അവഗണനയെന്നാണ് ഡോക്ടേഴ്സിന്റെ പരാതി. ആനുപാതികമായ വര്‍ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പതിനൊന്നാം ശമ്പള പരിഷ്‌കരണ ഉത്തരവിലൂടെ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും ശമ്പളവും വെട്ടിക്കുറച്ചു.
ഡോക്ടേഴ്സിനെ അവഹേളിക്കുന്ന ശമ്പള പരിഷ്‌കരണ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും അവഗണിച്ചു.രോഗീപരിചരണവും ചികിത്സയും മുടങ്ങാതെയാണ് തിങ്കളാഴ്ച്ച മുതലാരംഭിക്കുന്ന നിസഹകരണ സമരം.എന്നാല്‍ ഓണ്‍ലൈന്‍ ചികിത്സാ സംവിധാനമായ ഇ സഞ്ജീവനയില്‍ നിന്ന് മാറി നില്‍ക്കാനുള്ള ഡോക്ടേഴ്സിന്റെ തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാകും.