കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൻ്റെ സസ്പെൻഷൻ പിൻവലിക്കാമെന്ന ഉറപ്പ് ആരോഗ്യമന്ത്രി പാലിക്കുന്നില്ലെന്നാരോപിച്ച് കെജിഎംഒഎ കോഴിക്കോട് ജില്ലയിൽ സമരം പുനരാരംഭിക്കുന്നു. ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. സസ്പെൻഷൻ ഉത്തരവ് പുനപരിശോധിക്കാൻ ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി മൂന്നു ദിവസമായിട്ടും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഒ.പി.ബഹിഷ്കരണം ഉൾപ്പടെയുള്ള സമരത്തിലേക്ക് ഡോക്ടേഴ്സ് നീങ്ങിയതോടെയാണ് ആരോഗ്യ മന്ത്രി കെജിഎംഒഎ നേതാക്കളുമായി ചർച്ച നടത്തി സസ്പെൻഷൻ പുനപരിശോധിക്കാൻ നിർദേശം നൽകിയത്. ഡോക്ടേഴ്സ് താൽക്കാലികമായി സമരം നിറുത്തുകയും ആരോഗ്യ വകുപ്പ് ഡയറക്ടർ കുതിരവട്ടത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയും ചെയ്തു.
ബുധനാഴ്ച വൈകുന്നേരമാണ് ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ഇതിൻമേൽ തീരുമാനമൊന്നും പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച ഡോക്ടേഴ്സ് കൂട്ട അവധിയെടുക്കുന്നത്. അന്നേദിവസം അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമെ പ്രവർത്തിക്കു. എന്നിട്ടും സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് തീരുമാനം. കുതിരവട്ടത്ത് ചികിത്സയിലുണ്ടായിരുന്ന റിമാന്റ് പ്രതി ചാടി പോയി വാഹന അപകടത്തിൽ മരിച്ച സംഭവത്തിലാണ് സൂപ്രണ്ട് കെ.സി.രമേശിനെ സസ്പെന്റ് ചെയ്തത്.