India Kerala

കെവിന്‍ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസില്‍ പ്രാഥമിക വാദമാണ് ഇന്ന് ആരംഭിക്കുക. പ്രതികളെയെല്ലാം കോടതിയില്‍ ഹാജരാകും.

കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ തന്നെ കേസ് ദുരഭിമാനകൊലയായി കണ്ട് വേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദുരഭിമാന കൊലയായി വിചാരണ തുടങ്ങുന്നതിന് മുന്‍പ് പറയാനാകില്ലെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടപടികള്‍ നാളെ ആരംഭിക്കാന്‍ തീരുമാനിച്ചത്. തെളിവുകളുടെ പകര്‍പ്പുകള്‍ ലഭിച്ചില്ലെന്ന് കാട്ടി വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ പ്രതിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് ലഭ്യമാക്കിയെന്ന് കോടതിയെ പ്രോസിക്യൂഷന്‍ ധരിപ്പിച്ചതോടെയാണ് വിചാരണ നടപടികള്‍ തുടങ്ങാന്‍ തീരുമാനമായത്. വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രാഥമിക വാദമാണ് ഇന്ന് ആരംഭിക്കുന്നത്. കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചതിന് ശേഷമേ കുറ്റപത്രത്തിന് മേലുള്ള വാദം തുടങ്ങുകയുള്ളു.

കഴിഞ്ഞ മെയ് 27നാണ് എസ്.എച്ച് മൗണ്ട് സ്വദേശിയായ കെവിനെ പ്രണയ ബന്ധത്തിന്റെ പേരിൽ കാമുകിയായ നീനുവിന്റെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് കേസിൽ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു എന്നിവരടക്കം പന്ത്രണ്ടു പേർ എന്നിവർ പ്രതികളാണ്.