India Kerala

കെവിന്‍റേത് ദുരഭിമാനക്കൊല: 10 പേര്‍ കുറ്റക്കാര്‍

കെവിന്‍ കൊലപാതക കേസ് ദുരഭിമാനക്കൊലയാണെന്ന് കോടതി കണ്ടെത്തി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയടക്കം 10 പ്രതികള്‍ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. അച്ഛന്‍ ചാക്കോയടക്കം നാല് പേരെ വെറുതെവിട്ടു. കുറ്റവാളികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.

മൂന്ന് മാസം നീണ്ട വിചാരണക്കൊടുവിലാണ് കെവിന്റെ കൊലപാതകം ദുരഭിമാനം മൂലമാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി ഷാനു, രണ്ടാം പ്രതി നിയാസ് എന്നിവരുള്‍പ്പെടെ 10 പ്രതികളാണ് കുറ്റക്കാര്‍. 302- കൊലപാതകം 364 എ- തട്ടിക്കൊണ്ടുപോയി വിലപേശല്‍ 506-2 ഭീഷണിപ്പെടുത്തല്‍, 120 ബി ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ 10 പ്രതികള്‍ക്ക് മേലും ചുമത്തിയിട്ടുണ്ട്. നീനുവിന്റെ പിതാവ് ചാക്കോ, 10ആം പ്രതി വിഷ്ണു, 13ആം പ്രതി ഷിനു ,14ആം പ്രതി റമീസ് എന്നിവരെ കോടതി വെറുതെ വിട്ടു. 1, 2, 4 പ്രതികള്‍ക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. 449, 427, 342 എന്നീ വകുപ്പുകള്‍ 2, 4, 6, 9, 11, 12 പ്രതികള്‍ക്ക് മേല്‍ ചുമത്തി. പ്രതികളുടെ ശിക്ഷ കോടതി 24ന് പറയും.

അതേസമയം നാല് പേരെ വെറുതെവിട്ടത് ശരിയായില്ലെന്ന് കെവിന്‍റെ പിതാവ് പ്രതികരിച്ചു. നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 18ആം തിയതി പറയാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.

കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ ദുരഭിമാനത്തിന്റെ പേരില്‍ നീനുവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ചാലിയക്കരയിലെ പുഴയില്‍ മുക്കി കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ ഇത് തെളിയിക്കാന്‍ 240 പ്രമാണങ്ങളും 55 രേഖകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 113 സാക്ഷികളെ വിസ്തരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലും വിശദമായി പരിശോധിച്ചു. ‌കെവിന്‍ കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതും ദൃക്‌സാക്ഷികളുടെ അഭാവവും വെല്ലുവിളിയായിരുന്നുവെന്ന് കേസ് അന്വേഷിച്ച എസ്.പി ഹരിശങ്കര്‍ പറഞ്ഞു.