കെവിന് കൊലപാതക കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. 40000 രൂപ പിഴയും വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 1, 2, 3, 4, 6, 7, 8, 9 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്.
ഷാനു ചാക്കോ, നിയാസ് മോന്, ഇഷാന് ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്, ഷിഫിന് സജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം എന്നീ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കൊലപാതകം 302, ഭീഷണി 506 (2), തട്ടിക്കൊണ്ടുപോയി വിലപേശല്‍ 304 എ, ഗൂഢാലോചന 120 ബി, ഭവനഭേദനം 449 തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി നിരീക്ഷിച്ചു. തൃപ്തികരമായ വിധിയാണെന്ന് പ്രോസിക്യൂഷന് പ്രതികരിച്ചു. ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷിന് നല്‍കണം. ബാക്കി തുക കെവിന്റെ പിതാവിനും നീനുവിനും തുല്യമായി നല്‍കണം.
നീനുവിന്റെ പിതാവ് ചാക്കോ അകത്ത് പോകണമായിരുന്നുവെന്നും ചാക്കോക്ക് എതിരെ നിയമ പോരാട്ടം തുടരുമെന്നും കെവിന്റെ പിതാവ് ജോസഫ് പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി. മൂന്നോ നാലോ പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും കെവിന്റെ പിതാവ് പ്രതികരിച്ചു.
കെവിന് കേസിന്റെ നാള്‍വഴിയിലൂടെ
2018 മെയ് 24നാണ് നീനു കെവിന്റെ ഒപ്പം ഇറങ്ങി പോരുന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനുമായുള്ള ബന്ധത്തെ നീനുവിന്റെ കുടുംബത്തിന് അംഗീകരിക്കാനായില്ല. മെയ് 26ന് വിവാഹത്തിനുള്ള അപേക്ഷ നല്കി. പക്ഷെ മെയ് 27ന് കെവിനെ നീനുവിന്റെ സഹോദരന് ഷാനുവും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി. മെയ് 28ന് കെവിന്റെ മൃതദേഹം ചാലിയക്കരയിലെ പുഴയില്‍ കണ്ടെത്തി. തുടര്‍ന്ന് അന്ന് തന്നെ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മെയ് 29ന് ഷാനു ചാക്കോയും ചാക്കോയും കണ്ണൂരില്‍ കീഴടങ്ങി. പിന്നാലെ അടുത്തടുത്ത ദിവസങ്ങളില്‍ ബാക്കി 12 പ്രതികളും കീഴടങ്ങി. ആഗസ്ത് 21ന് അന്വേഷണ ഉദ്യോഗസ്ഥനായ ഗിരീഷ് പി സാരഥി കുറ്റപത്രം സമര്‍പ്പിച്ചു. 2019 ജനുവരിയില്‍ പ്രാഥമിക വാദം ആരംഭിച്ചു. മാര്‍ച്ച് 13ന് 10 വകുപ്പുകള്‍ പ്രകാരമുളള കുറ്റപത്രം കോടതി അംഗീകരിച്ചു.
തുടര്‍ന്ന് ഏപ്രില്‍ 24നാണ് വിചാരണ നടപടിള്‍ ആരംഭിച്ചത്. മൂന്ന് മാസം നീണ്ട് നിന്ന വിചാരണ കഴിഞ്ഞ മാസം 30ആം തിയതിയാണ് അവസാനിച്ചത്. ഈ മാസം 18ന് വിധി പറയാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ദുരഭിമാന കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി വീണ്ടും വാദം കേട്ടു. ഇതോടെയാണ് കേസ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെച്ചത്.