India Kerala

കെവിന്‍ വധക്കേസ്: എസ്.ഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്

കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ ഗാന്ധിനഗര്‍ മുന്‍ എസ്.ഐ എം.എസ് ഷിബുവിനെതിരെ നടപടി. ഷിബുവിന് ഐ.ജി വിജയ് സാക്കറെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ഷിബു കൃത്യവിലോപം നടത്തിയെന്ന് ഐ.ജി നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു

കെവിനെ കാണാതായതിന് പിന്നാലെ പരാതിയുമായി അച്ഛന്‍ ജോസഫും നീനുവും ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്ന കാരണം പറഞ്ഞ് എസ്.ഐ ഷിബു

പരാതിയില്‍ കാര്യമായ നടപടി സ്വീകരിച്ചില്ല. തട്ടിക്കൊണ്ട് പോയത് ആരാണെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും പറഞ്ഞിട്ടും കെവിനെ കണ്ടെത്താന്‍ തയ്യാറാകാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നാണ് കണ്ടെത്തല്‍.

കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറേ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് എസ്.ഐയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിരിച്ച് വിടല്‍ നോട്ടീസ് ഷിബുവിന് കൈമാറി. പതിനഞ്ച് ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി ലഭിച്ചാല്‍ സര്‍വ്വീസില്‍ നിന്നും ഷിബുവും പുറത്താകും.

നേരത്തെ മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് എ.എസ്.ഐ ബിജുവിനെയും സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. ബിജുവിനൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ അജയകുമാറിന്റെ മൂന്ന് ഇന്‍ക്രിമെന്റ് വെട്ടിചുരുക്കുകയും സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവം അറിഞ്ഞിട്ടും മുഖ്യമന്ത്രിയെ ശരിയായ രീതിയില്‍ കാര്യങ്ങള്‍ അറിയിക്കാതിരുന്ന കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖിനെയും കേസില്‍ സ്ഥലം മാറ്റിയിരുന്നു.