India Kerala

കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായി

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായി. വിവിധ പരീക്ഷകളെഴുതിയ 45 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നു കൃത്യമായി സര്‍വകലാശാലയില്‍ എത്തിച്ച ഉത്തരക്കടലാസുകള്‍ എങ്ങനെ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നു പരാതി ഉയര്‍ന്നു.

ഗവ. കോളജ് കാര്യവട്ടം, യൂണിവേഴ്സിറ്റി കോളജ്, ഗവ. കോളജ് കാഞ്ഞിരംകുളം, എസ്ഡി കോളജ് ആലപ്പുഴ, രാജധാനി കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം, നാഷനല്‍ കോളജ് അമ്ബലത്തറ എന്നിവിടങ്ങളില്‍ ബിഎ, ബിഎസ്‌സി, എംഎസ്‌സി, ബിടെക് പരീക്ഷകളെഴുതിയവരുടെ ഉത്തരക്കടലാസുകളാണു സര്‍വകലാശാലയില്‍ നിന്ന് നഷ്ടപ്പെട്ടത്.ഉത്തരക്കടലാസ് നഷ്ടപ്പെട്ടവര്‍ക്കു മാത്രമായി പുനഃപരീക്ഷ നടത്താനുള്ള നിര്‍ദേശം കഴിഞ്ഞ മാസം നടന്ന സിന്‍ഡിക്കറ്റ് യോഗത്തിന്റെ പരിഗണനയ്ക്കു വച്ചിരുന്നു.

എന്നാല്‍ യോ​ഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തില്ല.കുറച്ച്‌ പേര്‍ക്ക് മാത്രമായി വെവ്വേറെ പുനഃപരീക്ഷ നടത്തിയാല്‍ പരീക്ഷയുടെയും മൂല്യനിര്‍ണയത്തിന്റെയും രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നാണ് വിമര്‍ശനം. വീണ്ടും പഠിച്ചു പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാര്‍ത്ഥികളോടുള്ള അനീതിയാണെന്നും ആക്ഷേപമുണ്ട്.