Kerala

വാൽമീകി തപസ്സ് ചെയ്ത മുനിപ്പാറ, രാമായണം രചിച്ച ആശ്രമം ഇങ്ങനെ കാണാനുണ്ട് ഏറെ; ഇത് കേരളത്തിലെ ഏറ്റവും പുരാതനമായ സീതാ ദേവി ക്ഷേത്രം

രാമായണവുമായി ഏറെ ബന്ധമുള്ള കേരളത്തിലെ പ്രധാന ക്ഷേത്രമാണ് വയനാട് പുൽപ്പള്ളിയിലെ സീത ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ സീതാ ദേവി ക്ഷേത്രം കൂടിയാണ് ഇത്. ചരിത്രവും ഐതീഹ്യവും ഏറെയുള്ള ക്ഷേത്രത്തിലേക്ക് രാമായണ മാസത്തിൽ വിശ്വാസികളുടെ ഒഴുക്കാണ്.

സീതാദേവിയും മക്കളായ ലവകുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രം. അതാണ് പുൽപ്പള്ളി നഗര കേന്ദ്രത്തിലെ ഈ ആരാധനാലയത്തിന്റെ പ്രത്യേകത. ശ്രീരാമൻ തന്റെ പത്നിയായ സീതാ ദേവിയെ കാട്ടിൽ ഉപേക്ഷിച്ചു പോയപ്പോൾ ദേവി പുൽപ്പള്ളിയിലെ വാത്മീകി ആശ്രമത്തിൽ അഭയം പ്രാപിച്ചുവെന്നും അവിടെ വച്ച് ലവകുശന്മാർക്ക് ജന്മം നൽകി എന്നുമാണ് ഐതിഹ്യം.

വാൽമീകി തപസ്സ് ചെയ്‌തെന്നു കരുതപ്പെടുന്ന മുനിപ്പാറയും രാമായണം രചിച്ച ആശ്രമവും ലവകുശന്മാർ കളിച്ച വളർന്ന സ്ഥലമെന്ന് കരുതുന്ന ശിശുമലയും എല്ലാം ഇന്നും സംരക്ഷിച്ചു പോരുന്നുണ്ട്.

രാമൻ സീതയുടെ ശുദ്ധി തെളിയിക്കണമെന്ന് അപേക്ഷിച്ചപ്പോൾ ദുഃഖിതയായ സീതയെ മതാവ് ഭൂമി പിളർന്ന് സ്വീകരിച്ച ചേടാറ്റിൻ കാവും ഐതീഹ്യ പെരുമകളിൽ മറ്റൊന്ന്…
രാമായണ മാസാചരണം നടക്കുന്ന വേളയിൽ സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി വിശ്വാസികളാണ് അനുഗ്രഹം തേടി പുൽപ്പളളിയിലേക്ക് എത്തുന്നത്.