Kerala

പുന്നപ്ര-വയലാർ രക്തസാക്ഷികൾ സ്വാതന്ത്ര്യസമര സേനാനികൾ; പട്ടികയിൽ നിന്ന് മാറ്റില്ല

കോഴിക്കോട്: സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് മലബാർ സമരപോരാളികളെ ഒഴിവാക്കിയ വിവാദം കനക്കുന്നതിനിടെ, പുന്നപ്ര-വയലാർ രക്തസാക്ഷികളെ പട്ടികയിൽ നിന്ന് നീക്കില്ലെന്ന് ഐസിഎച്ച്ആർ. കയ്യൂർ, കരിവള്ളൂർ, കാവുമ്പായി സമരങ്ങളിലെ രക്തസാക്ഷികളും പട്ടികയിൽ തുടരും. ഐസിഎച്ച്ആർ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

‘രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857-1947)’ അഞ്ചാം വാള്യത്തിലെ പേരുകൾ പുനഃപരിശോധിക്കാനായി നിയമിച്ച പാനലാണ് മലബാർ സമര നായകരുടെ പേര് വെട്ടാൻ ശിപാർശ ചെയ്തത്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ സമര രക്തസാക്ഷികളുടെ പേരാണ് അഞ്ചാം വോള്യത്തിലുള്ളത്. മലബാർ സമരത്തിൽ രക്തസാക്ഷികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ തുടങ്ങി 387 പേരുടെ പേരുകളാണ് സമിതി വെട്ടാൻ ശിപാർശ നൽകിയിട്ടുള്ളത്.

പുന്നപ്ര-വയലാർ സമരത്തിലെ 84 രക്തസാക്ഷികളുടെ പേരാണ് പുസ്തകത്തിലുള്ളത്. അമ്പലപ്പുഴ-ചേർത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ജന്മിമാർക്കെതിരെ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാകളും നടത്തിയ സമരങ്ങളാണ് പുന്നപ്ര-വയലാർ സമരങ്ങൾ. തിരുവിതാംകൂറിനെ സ്വതന്ത്ര്യ ഇന്ത്യയിൽ നിന്ന് വേറിട്ട് പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരെ സമരക്കാർ മുദ്രാവാക്യമുയർത്തിയിരുന്നു.

2020 മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്തിരുന്നത്. പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉടലെടുത്തു. ഇതിന് പിന്നാലെ മലബാർ സമര രക്തസാക്ഷികളെയും പുന്നപ്ര-വയലാർ രക്തസാക്ഷികളെയും പുനഃപരിശോധിക്കും എന്നാണ് ഐസിഎച്ച്ആർ വ്യക്തമാക്കിയിരുന്നത്. പരിഷ്‌കരിച്ച പതിപ്പിൽ നാനൂറിലേറെ പേരുകൾ ഉണ്ടാകില്ലെന്നും ചരിത്ര കൗൺസിൽ അറിയിച്ചിരുന്നു.

2009ൽ മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് രക്തസാക്ഷികളുടെ നിഘണ്ടു തയ്യാറാക്കാനുള്ള പദ്ധതിക്ക് ഐ.സി.എച്ച്.ആർ രൂപംകൊടുത്തത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതൽ 1947 വരെ നടന്ന സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തസാക്ഷികളെ പരാമർശിക്കുന്നതായിരുന്നു നിഘണ്ടു. മലബാർ കലാപവും ഇതിലുൾപ്പെടും. മായ്ച്ചു കളയാനാകില്ല: എംഎ ബേബി സർക്കാർ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ഏതെങ്കിലും പട്ടികയിൽ മാറ്റംവരുത്തിയാൽ ഇല്ലാതാകുന്നതല്ല സ്വാതന്ത്ര്യ സമരചരിത്രമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പ്രതികരിച്ചു.

ചരിത്ര ഗവേഷണ കൗൺസിൽ നടപടിയെ വിമർശിച്ച എം.എ ബേബി, കേന്ദ്രസർക്കാർ താത്പര്യത്തിന് ഉപരിയായി ചരിത്രവീക്ഷണം തിരുത്താൻ സർക്കാർ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും ഫേസ്ബുക്കിൽ കുറിച്ചു. ചരിത്രത്തെ വർഗീയതയുടെ കണ്ണിൽ കാണുകയാണ് ഐ.സി.എച്.ആർ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലാത്ത സംഘടനയാണ് ആർ.എസ്.എസ്. സ്വാതന്ത്ര്യ സമരത്തിന്റെ പ്രതിബിംബമായിരുന്ന ഗാന്ധിജിയെ വെടിവെച്ചു കൊന്നതിനെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് അത്. ആർ.എസ്.എസ് തയ്യാറാക്കുന്ന പുസ്തകത്തിൽ മലബാർ സമരത്തിലെ രക്തസാക്ഷികൾ ഇല്ല എന്നുള്ളത് ചരിത്രത്തിൽ നിന്ന് ആ ധീരദേശാഭിമാനികളെ മായ്ച്ചുകളയാൻ മതിയാവില്ലെന്നും എം.എ ബേബി പറഞ്ഞു.