India Kerala

ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയം; പരാതി പരിഹരിക്കുന്നതിന് പുതിയ സമിതി

ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയത്തിലെ പരാതി പരിഹരിക്കുന്നതിന് പുതിയ സമിതി. ഒ.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ളവരിൽ നിന്ന് അഭിപ്രായം തേടും. സ്ഥാനാർഥി സാധ്യതപട്ടിക തയ്യാറാക്കിയതിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ സമിതിയെ വെച്ചത്.

ബി.ജെ.പിയുടെ തയ്യാറാക്കിയ സാധ്യതാ പട്ടിക കണ്ട് ഗ്രൂപ്പിനതീതമായി പരാതി ഉയർന്നപ്പോൾ വ്യത്യസ്ത പരിഹാര മാർഗങ്ങൾ നോക്കിയെങ്കിലും ഫലിച്ചില്ല. തമ്മിലടി രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കാനാണ് മൂന്നംഗ സമിതിയെ വച്ചത്. ഒ.രാജഗോപാൽ എം.എൽ.എയെ കൂടാതെ ദേശീയ സമിതിയംഗങ്ങളായ പികെ കൃഷ്ണദാസും, സികെ പത്മനാഭനുമാണ് മറ്റംഗങ്ങൾ. രാജഗോപാൽ വടക്കൻ മണ്ഡലങ്ങളിലും പി.കെ കൃഷ്ണദാസ് മധ്യമേഖലയിലും സി.കെ പത്മനാഭൻ തെക്കൻ മണ്ഡലങ്ങളിലുമാണ് അഭിപ്രായങ്ങൾ തേടുന്നത്. മണ്ഡലം പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ അടക്കമുള്ളവരിൽ നിന്ന് അഭിപ്രായങ്ങൾ തേടും.

ലഭിക്കുന്ന അഭിപ്രായങ്ങൾ സമാഹരിച്ച് ആർ.എസ്.എസിന്റെ കൂടി അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സത്യകുമാർ വഴിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറുന്നത്. നേരത്തെ തയ്യാറാക്കിയ സാധ്യതാ പട്ടികയെ ചൊല്ലി വലിയ കലാപമാണ് ബി.ജെ.പിയിലുണ്ടായത്. ഇത് കെട്ടടക്കാനാണ് സമിതിയെ നിശ്ചയിച്ചത്. ബി.ജെ.പിയുടെ മേഖലാ തല പരിവർത്തന യാത്രയുടെ സമാപനത്തിന് ശേഷം അന്തിമ പട്ടിക തയ്യാറാക്കാനാണ് തീരുമാനം.