ഇന്ന് വിജയദശമി; സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും. വിജയ ദശമി ദിവസമാണ് കേരളത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്.
വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവർ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം കൊണ്ട് നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു.
അത്യധികം ശുഭകരമായ ദിനമായതിനാൽ വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് പ്രത്യേക മുഹൂർത്തം ആവശ്യമില്ല. വിദ്യാരംഭത്തിനു മുമ്പ് വിജയദശമിയോളം വിശേഷമായി മറ്റൊരു നാളില്ല. നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. കേരളത്തിലെ വിജയ ദശമി ദസറ ഉത്സവമായാണ് ഉത്തരേന്ത്യയിൽ ആഘോഷിക്കുന്നത്.