Kerala

രാജിക്കൊരുങ്ങി കേരള സർവകലാശാല വി സി; രാജി സന്നദ്ധ ഗവർണറുടെ വിമർശനത്തിന് പിന്നാലെ

രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് പിന്നാലെയാണ് വി സിയുടെ രാജി സന്നദ്ധ. അപമാനിതനായി തുടരാനില്ലെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു. എന്നാൽ വി സിയെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിൻഡിക്കേറ്റ്‌ അംഗങ്ങൾ. വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച പരാമര്‍ശങ്ങളില്‍ നിലവില്‍ അതൃപ്തരാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.

അതേസമയം കേരള സര്‍വകലാശാലാ വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിസിയുടെ കത്തിലെ പരാമര്‍ശത്തെ കുറിച്ചായിരുന്നു വിമര്‍ശനം. പക്ഷേ എല്ലാവരും വിസിയുടെ ഭാഷയെയാണ് പരിഹസിച്ചത്. സര്‍വശാലാശാലയുടെ ചാന്‍സലര്‍ എന്ന നിലയിലാണ് സിന്‍ഡിക്കേറ്റ് വിളിക്കാന്‍ ആവശ്യപ്പെട്ടതെന്നും സിന്‍ഡിക്കേറ്റ് ചേരാതെ വിസി തീരുമാനം പറഞ്ഞത് തെറ്റാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് താന്‍ അയച്ച കത്ത് സമ്മര്‍ദം കൊണ്ടെഴുതിയതാണെന്ന് വി സി വിശദീകരിച്ചിരുന്നു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി പ്രതികരിച്ചിരുന്നു. വി സി അയച്ച കത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ വിമര്‍ശനത്തിനാണ് വിശദീകരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.