നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ആരോഗ്യ വകുപ്പിന്റെ ദിശ സെന്ററുമായും പൊതു ജനങ്ങൾക്ക് ബന്ധപ്പെടാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില മാറ്റമില്ലാതെ തുടരുകയാണ് .വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒന്‍പത് ജില്ലകളില്‍ നിന്നുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
പൂനെ വൈറോളജി ലാബില്‍ നിന്നും ഔദ്യോഗിക ഫലം വരുന്നതിന് മുന്‍പ് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോൾ റൂം തുറന്നതായി ആരോഗ്യ മന്ത്രി അറിയിച്ചു. 1077 എന്ന നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങൾ കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കും. 1056 എന്ന നമ്പറില്‍ ആരോഗ്യ വകുപ്പിന്റെ ദിശാ സെന്ററുമായും പൊതു ജനങ്ങള്‍ക്ക് ബന്ധപ്പെടാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിപ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘമാണ് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിപ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നലാ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.