Kerala

സ്മാര്‍ട്ടായി സംസ്ഥാനത്തെ സ്കൂളുകള്‍; പ്രഖ്യാപനം ഇന്ന്

പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായിരിക്കുകയാണ് കേരളം. ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. 4,752 സര്‍ക്കാര്‍ എയ്‍ഡഡ് സ്കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കായി മാറ്റിയത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍- എയ്‍ഡഡ് സ്കൂളുകളില്‍ ഹൈടെക് സ്മാർട്ട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂളുകളിലായി 45,000 ക്ലാസ് റൂമുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറി. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11, 275 സ്കൂളുകളില്‍ ഹൈടെക് ലാബും തയ്യാറാക്കി. അധ്യാപകര്‍ക്ക് വിദഗ്‍ധ പരിശീലനവും നല്‍കി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതില്‍ വെല്ലുവിളികളേറെയായിരുന്നു.

സ്കൂളുകള്‍ സ്മാര്‍ട്ടാക്കുന്നതിനായി അതിവേഗ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനായി. പരാതി പരിഹാരത്തിന് വെബ് പോർട്ടലും കോൾ സെന്‍ററുമുണ്ട്. അടിസ്ഥാന സൌകര്യമൊരുക്കാന്‍ 730 കോടിരൂപയാണ് ചെലവഴിച്ചത്. കിഫ്ബിയില്‍ നിന്ന് മാത്രം 595 കോടി രൂപ വിദ്യാഭ്യാസ മേഖലക്കായി മാറ്റി.