Kerala

കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനായി ഒരുക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങള്‍. രാവിലെ 9 മുതല്‍ 5 വരെയാണ് വാക്സിനേഷന്‍. ആദ്യദിനമായ ഇന്ന് 13,300 പേര്‍ വാക്സിന്‍ സ്വീകരിക്കും. 4,33, 500 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. 12 കേന്ദ്രങ്ങളുള്ള എറണാകുളത്ത് 73,000 ഡോസ് വാക്സിന്‍ വിതരണം ചെയ്യും. കോഴിക്കോടും തിരുവനന്തപുരത്തും 11 കേന്ദ്രങ്ങളാണുള്ളത്. മറ്റ് ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങളുണ്ട്. എല്ലായിടത്തും വെബ് കാസ്റ്റിംഗ് ഒരുക്കിയിട്ടുണ്ട്. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്ന് മുറികളാണുണ്ടാകുക.

വാക്‌സിനേഷനായി 5 വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടാകും. ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് ഒരു ദിവസം വാക്സിന്‍ നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തണം. 5 എം.എല്‍. കോവീഷീല്‍ഡ് വാക്‌സിനാണ് കുത്തിവെക്കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. വാക്സിനെടുത്തു കഴിഞ്ഞാല്‍ അരമണിക്കൂര്‍ നിരീക്ഷണത്തിലിരുത്തിയ ശേഷമേ വീട്ടിലേക്ക് പോകാനാകൂ. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. അടുത്ത ഘട്ടത്തില്‍ അമ്പത് വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്സിന്‍ വിതരണം ചെയ്യും.