പ്ലാസ്റ്റിക് നിരോധം കര്‍ശനമായി നടപ്പിലാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. നിരോധം ലംഘിക്കുന്നവര്‍ക്ക് മേല്‍ കനത്ത പിഴ ചുമത്തും. ഒപ്പം പ്രകൃതിക്കനുയോജ്യമായ ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ് പ്ലാസ്റ്റിക് നിരോധം ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ ശിക്ഷാ നടപടികള്‍ ഉണ്ടാവുക.ഒറ്റത്തവണ മാത്രം ഉപഭോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ സൂക്ഷിക്കുകയോ കൊണ്ടുപോവുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഇവ കണ്ടുകെട്ടും. നിയമലംഘനം നടത്തുന്ന നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചില്ലറ വില്‍പനക്കാര്‍ എന്നിവര്‍ക്ക് ആദ്യതവണ 10000 രൂപയാണ് പിഴ. രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ പിഴത്തുക 25000 ആവും. അടുത്ത ഘട്ടത്തില്‍ അത് 50000 രൂപയായി കുത്തനെ ഉയരും. സ്ഥാപനത്തിന്റെ ലൈസന്‍സും റദ്ദാക്കും. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നിയമം നടപ്പിലാക്കാനുള്ള ചുമതല.
കവറുകളും കുപ്പികളും നിശ്ചിത തുക നല്‍കി തിരികെയെടുക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്. വ്യവസായ പാര്‍ക്കുകളിലെ 5 ശതമാനം ഭൂമി മാലിന്യ സംസ്കരണ/പ്ലാസ്റ്റിക് പുനചംക്രമണ പ്ലാന്റുകള്‍ക്കായി നീക്കിവെക്കണം. കുറഞ്ഞ വിലക്ക് ഇതിനായി ഭൂമി വിട്ടുനല്‍കും. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം മണ്ണില്‍ ദ്രവിച്ചുചേരുന്ന ബാഗുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് വ്യവസായ വകുപ്പ് പ്രോത്സാഹനം നല്‍കണമെന്നും പ്ലാസ്റ്റിക് നിരോധവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.