Kerala

സംസ്ഥാനത്ത് സിബിഐയെ വിലക്കാന്‍ നീക്കം

സിപിഎമ്മും ഇടത് മുന്നണിയുടെ പച്ചക്കൊടി കാട്ടിയതോടെ വരും ദിവസങ്ങളില്‍ നിയമോപദേശം തേടി സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കും

സംസ്ഥാനത്ത് സിബിഐയെ വിലക്കാന്‍ നീക്കം. സിബിഐക്ക് സംസ്ഥാനത്തെ ഏതും കേസ് അന്വേഷിക്കാൻ നൽകിയ അനുമതി പിൻവലിക്കുന്ന കാര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഎം. സർക്കാർ ഇക്കാര്യത്തിൽ നിയമോപദേശം തേടണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ ആവശ്യപ്പെട്ടു.

സി.ബി.ഐക്ക് വിലക്കു കൽപ്പിച്ച കോണ്‍ഗ്രസ് സംസ്ഥാനങ്ങളുടെ മാതൃക പിന്തുടാനുള്ള നീക്കത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. സി.ബി.ഐയെ രാഷ്ട്രീയമായി കേന്ദ്രം ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി വിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ മാതൃകയാകും കേരളവും പിന്തുടരുക. സി.ബി.ഐയെ വിലക്കണമെന്ന ആവശ്യം സി.പി.എം ഔദ്യോഗികമായി തന്നെ ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗ തീരുമാനം വിശദീകരിക്കവേയാണ് കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം ഉന്നയിച്ചത്.

ലൈഫ് മിഷൻ പദ്ധതിയിലെ സി.ബി.ഐ അന്വേഷണമാണ് വിലക്കേർപ്പെടുത്താനുള്ള സി.പി.എം നീക്കത്തിനു പിന്നിൽ. സംസ്ഥാന സർക്കാരിന്‍റെ അനുമതിയോ ഹൈക്കോടതിയുടെ നിർദ്ദേശമോ ഇല്ലാതെ അനിൽ അക്കര എം.എല്‍.എയുടെ പരാതിയിൽ അന്വേഷണം തുടങ്ങുകയും ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചിരിന്നു. സിപിഎമ്മും ഇടത് മുന്നണിയുടെ പച്ചക്കൊടി കാട്ടിയതോടെ വരും ദിവസങ്ങളില്‍ നിയമോപദേശം തേടി സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കും.