തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമായി തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 54 പേരില്‍ 42 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ആറ് പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. പൂന്തുറയിൽ മാത്രം 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തലസ്ഥാനത്തെ സ്ഥിതി അനുദിനം സങ്കീര്‍ണമാകുകയാണ്. സംസ്ഥാനത്താകെ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ അതില്‍ 42 പേരും തിരുവനന്തപുരത്താണ്. ആറ് പേര്‍ക്ക് രോഗമെവിടെ നിന്നു വന്നുവെന്ന് വ്യക്തമല്ല. ആര്യനാട് ബേക്കറി നടത്തുന്ന വ്യക്തി, ടെക്നോപാര്‍ക്കില്‍ സുരക്ഷാ ജീവനക്കാരനായ ചാക്ക സ്വദേശി, വലിയതുറ സ്വദേശി, എന്നിവര്‍ക്ക് യാത്രപശ്ചാത്തലമില്ല. വള്ളക്കടവ് സ്വദേശികളായ മൂന്ന് പേര്‍ക്കും രോഗം പകര്‍ന്നതെങ്ങനെയെന്ന് അവ്യക്തം. പ്രാദേശിക രോഗവ്യാപനം സംശയിക്കുന്ന പൂന്തുറയില്‍ സമ്പര്ക്കത്തിലൂടെ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് വയസുള്ള കുട്ടിയും 82 കാരും ഇതിലുണ്ട്. ആര്യനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ മെഡിക്കല്‍ ഓഫീസര്‍, ആര്യനാട് ബസ് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍, ആര്യനാടുള്ള രണ്ട് ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും രോഗം ബാധിച്ചു. വള്ളക്കടവില്‍ ഏഴ് പേര്‍ക്കും ആര്യനാട് ആറുപേര്‍ക്കും പരുത്തിക്കുഴിയില്‍ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്തെ സ്ഥിതി രൂക്ഷമായതോടെ കൂടുതല്‍ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
പൂന്തുറയില്‍ മാത്രം ആറ് ടീമായാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നത്. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നെടുവൻവിള വാർഡ്, ടൗൺ വാർഡ് എന്നിവ കണ്ടെയ്ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.