Kerala

ആരാധനാലയങ്ങളിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം. ടിപിആർ 16 ശതമാനത്തിൽ കുറവുള്ള ഇടങ്ങളിലാണ് ആരാധനാലയങ്ങൾക്ക് ഇളവ് നൽകിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി 300 പേർക്കാണ് ഒരു ദിവസം അനുമതി ഉള്ളത്.

ഗുരുവായൂർ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഭക്തരെ പ്രവേശിപ്പിച്ചത്. വെർച്വൽ ക്യൂ വഴി 300 പേർക്കാണ് ഒരു ദിവസം അനുമതി. എന്നാൽ നാലമ്പലത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. തുലാഭാരവും മറ്റ് വഴിപാടുകളും ഉണ്ട്. പത്തു പേരെ മാത്രം ഉൾക്കൊള്ളിച്ച് കല്യാണം നടത്താനും അനുമതി ഉണ്ട്. ആദ്യദിനമായ ഇന്ന് മൂന്ന് വിവാഹങ്ങളാണ് ഉള്ളത്.

അതേസമയം, ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങൾ തുറക്കാൻ ഇനിയും വൈകും. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും രാവിലെ മുതൽ ഭക്തരെത്തി. എറണാകുളത്തെ പ്രധാനപ്പെട്ട ചോറ്റാനിക്കര, തൃപ്പൂണിത്തുറ ക്ഷേത്രങ്ങളിലും ദർശനം തുടങ്ങി.

കത്തോലിക്ക സഭയുടെ കീഴിലുള്ള പള്ളികളിൽ വിശുദ്ധ കുർബാനകൾ തുടങ്ങി.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 15 പേരെ മാത്രമേ പങ്കെടുപ്പിക്കൂ. ഇതര ക്രൈസ്തവ സഭകളുടെ പള്ളികൾ ഞായറാഴ്ച തുറക്കും. മുസ്ലീം പള്ളികൾ നമസ്കാരത്തിനായി ഇന്ന് മുതൽ തുറക്കും. വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരത്തിൻ്റെ കാര്യം കേരള ജമാ അത്ത് കൗൺസിൽ ഭാരവാഹികളുടെ യോഗത്തിന് ശേഷം തീരുമാനിക്കും.