സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ. ഗതാഗതമന്ത്രി പ്രഖ്യാപിച്ച നികുതിയിളവിൽ ഒരു മാസമായിട്ടും ഉത്തരവ് ഇറങ്ങിയില്ല. ഉത്തരവ് ഇറങ്ങിയ ശേഷമേ അടച്ച നികുതി തിരികെ നൽകു എന്ന മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഒരു വർഷത്തെ വാഹന നികുതിയും പിഴയും അടച്ചാൽ മാത്രമേ ഫിറ്റ്നസ് ലഭിക്കു. 2020 ഒക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള നികുതിയിളവാണ് പ്രഖ്യാപിച്ചത്.
അതേസമയം, സംസ്ഥാനത്തെ കാലവർഷക്കെടുതികൾ കണക്കിലെടുത്ത് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ഈ മാസം 26നും,പിഎസ്‍സി പരീക്ഷ 28നും നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 18 ന് നടത്തേണ്ട ഹയർ സെക്കണ്ടറി പരീക്ഷയായിരുന്നു കനത്ത മഴയെ തുടർന്ന് മാറ്റിവച്ചത്. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഹയർ സെക്കണ്ടറി വകുപ്പ് അറിയിച്ചു.
കാലവർഷക്കെടുതി മൂലം മാറ്റിവച്ച പിഎസ്‍സി പരീക്ഷ 28ന് നടത്തും. അസിസ്റ്റൻറ് എഞ്ചിനീയർ സിവിൽ പരീക്ഷ 28നാണ് നടത്തുന്നത്. പരീക്ഷക്ക് നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റ് തന്നെ ഉപയോഗിക്കാമെന്ന് പിഎസ്‍സി വ്യക്തമാക്കി.
ഇന്ന് നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. എന്നാൽ, ഒക്ടോബർ 30 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയിൽ മാറ്റമില്ലെന്നും പിഎസ്‍സി വ്യക്തമാക്കി.