Kerala

കേന്ദ്രം തരുന്ന വാക്സിൻ നൽകാനേ നിവൃത്തിയുള്ളൂ: മന്ത്രി ശൈലജ

പരീക്ഷണം പൂ‍ര്‍ത്തിയാകാത്ത വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് കോവാക്സിന്‍ വിതരണം തുടങ്ങി. ഫലസിദ്ധി ഉറപ്പാക്കാത്ത വാക്സിന്‍ സ്വീകരിക്കാന്‍ സമ്മത പത്രവും എഴുതി വാങ്ങുന്നുണ്ട്.

കേന്ദ്രം തരുന്ന വാക്സിൻ നൽകാനേ നിവൃത്തിയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.കോവാക്സിനിലെ പ്രശ്നങ്ങൾ ചോദിക്കേണ്ടത് കേന്ദ്രത്തോടാണെന്നും അവർ പറഞ്ഞു. കോവാക്സിൻ കുത്തിവെച്ചതിനാൽ എവിടെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരീക്ഷണം പൂര്‍ത്തിയാകാത്തതിനാല്‍ കോവാക്സിന്‍ സംസ്ഥാനത്ത് ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ കോവാക്സിന് പാര്‍ശ്വഫലങ്ങളില്ലെന്ന് പരീക്ഷണം പൂര്‍ത്തിയാകും മുമ്പേ തന്നെ ഐസിഎംആറും കേന്ദ്രസര്‍ക്കാരും നിലപാട് എടുത്തു. അപ്പോഴും കോവാക്സിന്‍ വിതരണം ചെയ്യില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാനം.

സമ്മര്‍ദം ശക്തമായതോടെയാണ് കേരളവും കോവാക്സിന്‍ വിതരണം ചെയ്യാനുള്ള തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ്സൂചന. ഒരു ലക്ഷത്തി പതിനായിരം ഡോസ് കോവാക്സിനാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇത് പൊലീസ് ഉള്‍പ്പെടെ കോവിഡ് മുന്നണി പോരാളികള്‍ക്ക് നല്‍കാനാണ് തീരുമാനം.

മൂന്നാംഘട്ട പരീക്ഷണം നടക്കുന്ന ഫലസിദ്ധി ഉറപ്പാക്കാത്ത വാക്സിന്‍ സ്വീകരിക്കുന്നതിന് സമ്മത പത്രം എഴുതി വാങ്ങുന്നുണ്ട്. ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സമ്മത പത്രത്തില്‍ വിശദീകരിക്കുന്നു. അപകടം പറ്റിയാല്‍ നഷ്ടപരിഹാരം നല്‍കാമെന്നാണ് സമ്മത പത്രത്തിലെ വാഗ്ദാനം. കോവാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ ആരോഗ്യ അവസ്ഥകള്‍ രേഖപ്പെടുത്താനുള്ള ഫോമും നല്‍കും. കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ നടപടിക്രമമില്ല.