ഐഎഫ്എഫ്‌കെ വിവാദങ്ങളിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അക്കാദമിക്ക് പ്രത്യേക താത്പര്യങ്ങളില്ലെന്ന് പ്രേംകുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. അക്കാദമിക് മുൻപിൽ എത്തുന്ന സിനിമകൾ ജൂറിക്ക് മുൻപിൽ കൃത്യമായി പ്രദർശിപ്പിക്കുന്നുണ്ട്. ജൂറിയുടെ തീരുമാനം അന്തിമമാണെന്നും പ്രേംകുമാർ പറഞ്ഞു.
നിരവധി സിനിമകൾ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനാൽ കുറച്ച് ചിത്രങ്ങൾ മാത്രമേ പ്രദർശിപ്പിക്കാൻ കഴിയു. അതുകൊണ്ട് അഭിപ്രായ വ്യത്യാസങ്ങൾ സ്വഭാവികമാണെന്നും പ്രേംകുമാർ പ്രതികരിച്ചു. വിവാദങ്ങൾക്ക് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 150 തവണ സിനിമകളാണ് പരിഗണനയ്ക്കായി എത്തിയത്. ഇതിൽ നിന്ന് 14 സിനിമകളിലേക്ക് ചുരുക്കുമ്പോൾ എല്ലാ സിനിമക്കും വേണ്ട പരിഗണന ലഭ്യമാകണമെന്നില്ല. ഇതിൽ മികച്ച സിനിമകൾ ഒരുപാടുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഐഎഫ്എഫ്‌കെയ്ക്ക് ജിഎസ്ടി ഈടാക്കാനുള്ള നിർദേശം പുനഃപരിശോധിക്കണമെന്ന് പ്രേംകുമാർ ആവശ്യപ്പെട്ടു. സിനിമ പോലുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നത് അനൗചിത്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി ചുമത്തുമ്പോൾ അധിക ബാധ്യതയായി മാറുകയാണെന്നും പ്രേംകുമാർ പറഞ്ഞു.