കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വടകര റൂറൽ എസ്.പി ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തിൽ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പോലീസിനോട് പറഞ്ഞു. ഇതിനിടെ വിപുലീകരിച്ച അന്വേഷണസംഘത്തിന്റെ ആദ്യ യോഗവും റൂറൽ എസ്.പി ഓഫീസിൽ ചേർന്നു. റോയിയുടേതൊഴികെയുള്ള അഞ്ച് മരണങ്ങള്‍ സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുക.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടകര റൂറൽ എസ്.പി ഓഫീസിലെത്തിച്ച ശേഷം ജോളിയെയും കൂട്ടു പ്രതികളെയും ഏറെ നേരം അന്വേഷണ സംഘം ചോദ്യം ചെയ്തു. മുഖ്യപ്രതി ജോളി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് അഞ്ച് കൊലപാതങ്ങൾ നടത്തിയതെന്നും അന്നമ്മയുടെ കൊലപാതകത്തിന് മറ്റൊരു വിഷം ഉപയോഗിച്ചെന്നും ജോളി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ പലഘട്ടത്തിലും ജോളി തേങ്ങിക്കരഞ്ഞു. പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എസ്.പി വ്യക്തമാക്കി.
ജോളിയ്ക്ക് സയനൈഡ് എത്തിച്ചു നൽകിയ മാത്യുവിനെയും മാത്യു സയനൈഡ് വാങ്ങിയ പ്രജികുമാറിനെയും വെവ്വേറെ ചോദ്യം ചെയ്തു. എത്ര തവണ സയനൈഡ് കൈമാറി, കൊലപാതകത്തിൽ പങ്കുണ്ടോ, കൊലപാതക വിവരം അറിയാമായിരുന്നോ എന്നീ കാര്യങ്ങളാണ് ഇവരിൽ നിന്ന് അന്വേഷിച്ചത്. അതിനിടെ വൈകുന്നേരത്തോടെ വിപുലീകരിച്ച അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ചേർന്നു. ഇത് വരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയ യോഗത്തിൽ, ഇനി സ്വീകരിക്കേണ്ട തെളിവെടുപ്പ് ഉൾപ്പടെയുള്ള നടപടികളും ചർച്ച ചെയ്തു.