Kerala

നയതന്ത്ര ഫയലുകള്‍ ഇ- ഫയലുകളല്ലെന്ന് ഹൌസ് കീപ്പിങ് വിഭാഗം അഡീഷനല്‍ സെക്രട്ടറി; ഫയലുകള്‍ നശിച്ചോയെന്ന് സംശയം

സെക്രട്ടേറിയറ്റില്‍ നയതന്ത്ര ഫയലുകള്‍ ഇ ഫയലുകളായി സൂക്ഷിക്കാറില്ല. ഇന്നലെ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ ഇത്തരം ഫയലുകളുണ്ടോയെന്ന് സംശയം വര്‍ധിക്കുകകയാണ്. ഫയലുകളെല്ലാം ഡിജിറ്റൈസ് ചെയ്തെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.

മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ കത്തിനശിച്ചുവെന്ന് ഹൌസ് കീപ്പിങ് അഡീഷണല്‍ സെക്രട്ടറി ഹണി മീഡിയവണിനോട് പറഞ്ഞു. മന്ത്രിമാരുടെ വസതി സംബന്ധിച്ച ഫയലും കത്തിനശിച്ചു. നയതന്ത്ര ഫയലുകള്‍ ഇ-ഫയലാക്കിയിട്ടില്ലെന്നും ഹണി പറഞ്ഞു.

അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൌസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.