India Kerala

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമഗ്ര മാറ്റത്തിന് ശിപാർശ

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമഗ്രമാറ്റം ശിപാർശ ചെയ്ത് വിദഗ്ദ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. നിലവിലെ മൂന്ന് ഡയറക്ടറേറ്റുകളെ ലയിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റാക്കാനാണ് പ്രധാന ശിപാർശ. എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ ഡോ.എം.എ ഖാദർ അധ്യക്ഷനായ സമിതിയാണ് ശിപാർശ സമർപ്പിച്ചത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് എന്നിവയാണ് ലയിപ്പിക്കേണ്ടി വരിക. ലയനം നടത്തി ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജ്യുക്കേഷൻ എന്ന നാമമാണ് പുതിയ ഡയറക്ടറേറ്റിന് നിർദേശിച്ചിരിക്കുന്നത്.

സ്കൂളുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ഘടനയിലും മാറ്റത്തിന് ശിപാർശയുണ്ട്. ഒന്ന് മുതൽ ഏഴ് വരെ ഒരു സ്ട്രീമും എട്ട് മുതൽ 12 വരെ ക്ലാസുകൾക്ക് മറ്റൊരു സ്ട്രീമുമാണ് ശിപാർശ ചെയ്തത്. ഇതിൽ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ അധ്യാപകർക്ക് പി.ജിയും ബി.എഡും ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ബിരുദവും ബി.എഡുമാണ് യോഗ്യതയായി ശിപാർശ ചെയ്തിരിക്കുന്നത്.

ഇതിൽ പ്രൈമറി അധ്യാപക യോഗ്യതയിലെ മാറ്റത്തിന് പത്ത് വർഷത്തെ സാവകാശവും നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള അധ്യാപകരെയും മറ്റ് ജീവനക്കാരെയും ബാധിക്കാതെ ഘട്ടംഘട്ടമായുള്ള ഘടനാമാറ്റമാണ് ശിപാർശ. സ്കൂളുകളിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ എന്ന രീതിയിൽ രണ്ട് മേധാവികൾ തുടരുന്ന രീതി അവസാനിപ്പിക്കാനും ശിപാർശ ചെയ്തിട്ടുണ്ട്. പ്രിൻസിപ്പൽ ആയിരിക്കും സ്ഥാപന മേധാവി. പ്രിൻസിപ്പലിനെ സഹായിക്കാൻ വൈസ്പ്രിൻസിപ്പൽ തസ്തികയും ശിപാർശ ചെയ്തിട്ടുണ്ട്.

ജില്ലാതലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഓഫീസുകൾ ഉണ്ടായിരിക്കണം. ജോയൻറ് ഡയറക്ടർ ഓഫ് സ്കൂൾ എജ്യുക്കേഷൻ (ജെ.ഡി.എസ്.ഇ) ആയിരിക്കും ജില്ലാതല ഓഫീസർമാർ. ഇതിന് കീഴിൽ ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നീ തലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഓഫീസിനും ശിപാർശയുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസർ തസ്തികക്കും ശിപാർശ ചെയ്യുന്നു. ദേശീയ തൊഴിൽ നൈപുണ്യ വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) കേരളത്തിൽ നടപ്പാക്കുന്ന സാഹചര്യത്തിൽ മുഴുവൻ വി.എച്ച്.എസ്.ഇകളും സെക്കൻഡറി സ്കൂളുകളാക്കി മാറ്റണമെന്നും വിദഗ്ധ സമിതി നിർദ്ദേശിക്കുന്നു. ഡോ.സി. രാമകൃഷ്ണൻ, ജി. ജ്യോതി ചൂഢൻ എന്നിവർ അംഗങ്ങളായ വിദഗ്ദ സമിതിയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.