Kerala

സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം, തൃശൂരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ ഉയർത്തി. മുല്ലപ്പെരിയാറും തുറന്നേക്കുമെന്നാണ് സൂചന. എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. അണക്കെട്ടിൻറെ ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാ നിർദ്ദേശമുണ്ട്.

ആശങ്കയുടെ സാഹചര്യമില്ല എന്നാൽ ജലനിരപ്പ് താഴുന്നില്ല, ഒപ്പം മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയരുന്നു. വിനോദ സഞ്ചാരം,തൊഴുലുറപ്പ് പദ്ധതികൾ,ക്വാറികൾ തുടങ്ങിയവയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാത്രികാല യാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി.

തൃശൂർ ജില്ലയിൽ തീരദേശ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണം. രണ്ട് ദിവസത്തേക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളിൽ രണ്ട് ദിവസത്തേക്കാണ് സന്ദർശന വിലക്കേർപ്പെടുത്തിയത്. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദർശകരെ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതൽ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. ക്വാറി പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

വേളൂക്കര പട്ടേപ്പാടത്ത് മൂന്നു വയസ്സുള്ള കുട്ടിയെ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. അലങ്കാരത്ത് പറമ്പിൽ ബെൻസിലിന്റെയും ബെൻസിയുടെയും മകൻ ആരോം ഹെവൻ ആണ് രാവിലെ ഒഴുക്കിൽപ്പെട്ടത്. വീട്ടിൽ കുളിപ്പിക്കാനായി നിർത്തിയ സമയത്ത് കുട്ടി പെട്ടന്ന് ഓടുകയും തൊട്ടടുത്തുള്ള തോട്ടിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അമ്മയും കൂടെ ചാടിയെങ്കില്ലും കുട്ടി ഒഴുകിപ്പോവുകയായിരുന്നു.