Kerala Weather

നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ സംസ്ഥാനത്ത് ലഭിക്കേണ്ടതിനെക്കാൾ 135 ശതമാനം മഴ അധികമായി കിട്ടിയതായും കാലാവസ്ഥാ വകുപ്പിൻറെ കണക്കുകൾ കാണിക്കുന്നു.

ഒരു ദിവസത്തെ ഇടവേളയ്ക്ക്ശേഷം കേരളത്തിൽ വീണ്ടും മഴകനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം , ആലപ്പുഴ, കാസർകോട് ജില്ലകളിലൊഴികെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

വ്യാഴാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർഗോഡും ഒഴികെ എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇന്ന് എട്ടു ജില്ലകളിൽ യെലോ അലേർട്ട് നിലവിലുണ്ട്. കിഴക്കൻകാറ്റ് ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകുനുള്ള കാരണം.

നാളെ ഭാരതപ്പുഴ,പെരിയാർ,ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി,ചാലക്കുടി, നദീതീരങ്ങളിൽ 26 മുതൽ 37 മില്ലീമീറ്റർ മഴയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 മുതൽ 25 മില്ലീ മീറ്റർ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.