വായു ചുഴലിക്കാറ്റിന്റെ ഫലമായി കേരള തീരത്ത് ഇന്നും ശക്തമായ കാറ്റിന് സാധ്യത. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തുടരുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. അതേസമയം തീരപ്രദേശത്ത് കടല്‍പ്രക്ഷുബ്ധമാണ്.
വായു ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറുന്നതിലൂടെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍, കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്തും, അറബികടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ തീരപ്രദേശത്ത് കടല്‍പ്രക്ഷുബ്ധമായതിനാല്‍ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കടലോരത്തെ നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര പ്രദേശത്ത് ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കുന്നതിനാല്‍ നദികളിലെ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കാലവര്‍ഷമെത്തിയെങ്കിലും ചുഴലിക്കാറ്റിന്റെ ഫലമായി മഴ ശക്തിപ്പെടില്ലെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്.