India Kerala

ട്രെയിനിറങ്ങി നേരെ കാറിലേക്ക്; റെന്റ് എ കാര്‍ പദ്ധതിയുമായി റെയില്‍വേ

റെന്റ് എ കാർ പദ്ധതിയുമായി റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. തെരഞ്ഞെടുത്ത നാല് സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. ഇൻഡ്സ് മോട്ടോഴ്സുമായി സഹകരിച്ചാണ് പദ്ധതി. ഡ്രൈവർ സേവനമില്ലാതെ സ്വന്തമായി വാടക കാർ ഓടിച്ചു യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവർക്കായാണ് റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ റെന്റ് എ കാർ സംവിധാനം ഒരുക്കിയത്.

തിരുവനന്തപുരം സെൻട്രൽ, എറണാകുളം നോർത്ത്, സൌത്ത്, തൃശൂർ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. ഓരോ സ്റ്റേഷനുകളിലും 5 കാറുകൾ തയ്യാറാക്കി നിർത്തുകയും യാത്രക്കാരുടെ ആവശ്യാനുസരണം വാടകക്ക് വിട്ടു കൊടുക്കുകയും ചെയ്യും. ഒരു സ്റ്റേഷനിൽ നിന്ന് വാടകക്കെടുക്കുന്ന കാർ ഈ നാല് സ്റ്റേഷനുകളിലേതെങ്കിലും ഒന്നിൽ തിരിച്ചേൽപ്പിച്ചാൽ മതിയാകും.

പ്രമുഖ ഓട്ടോ മൊബൈല്‍ ഡീലറായ ഇന്‍ഡസ് മോട്ടോഴ്‌സിന്റെ ഇന്‍ഡസ് ഗോ ഓണ്‍ലൈന്‍ വഴിയാണ് സേവനം ലഭിക്കുക. ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സ്റ്റേഷനിൽ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ രാജേഷ് ചന്ദ്രനും സ്റ്റേഷൻ ഡയറക്ടർ അജയ് കൌശിക്കും ചേർന്ന് നിർവഹിച്ചു.