വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പി.എസ്.സി നിയമനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് സർക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു. വകുപ്പുകളിലേക്കുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിരവധി ഉദ്യോഗാർഥികൾക്ക് ജോലി നഷ്ടമാകുന്നുവെന്നതാണ് പ്രധാന ആരോപണം. കൂടുതൽ നിയമനം നടത്തിയെന്ന സർക്കാർ പ്രഖ്യാപനം വാക്കുകളിൽ മാത്രം ഒതുങ്ങുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സംയുക്ത സംഘടനയിലുള്ള ഇടുക്കിയിലെ ലാസറ്റ് ഗ്രേഡ് ഉദ്യോഗാർഥികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. കാലാവധി തീരാൻ എട്ട് മാസം മാത്രം ബാക്കിയുള്ള ഇവരുടെ റാങ്ക് ലിസ്റ്റ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിൽപ്പെട്ട് തീർന്നു പോകുമെന്നാണ് ആശങ്ക. കൃത്യ സമയത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലാണ് അവസരം നഷ്ടമാകുന്നതെന്ന് ഇവർ പരാതിപ്പെടുന്നു. കൂടുതൽ നിയമനങ്ങൾ നടത്തുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാകുന്നില്ലെന്നും ഇവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നോട്ട വോട്ട് ക്യാമ്പയിയിൻ, തെരഞ്ഞെടുപ്പ് ദിവസം നിരാഹാര സമരം തുടങ്ങിയ പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം.