India Kerala

പി.എസ്.സിയില്‍ വീണ്ടും പരീക്ഷ തട്ടിപ്പ്

പി.എസ്.സിയില്‍ വീണ്ടും മാര്‍ക്ക് തട്ടിപ്പ്. ആസൂത്രണ ബോര്‍ഡില്‍ മൂന്ന് ചീഫ് തസ്തികകളിലേക്ക് തയാറാക്കിയ റാങ്ക് ലിസ്റ്റിലാണ് സംശയകരമായ രീതിയില്‍ മാര്‍ക്ക് ദാനം നടന്നത്. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്ന മൂന്ന് പേര്‍ക്ക് അഭിമുഖത്തില്‍ വാരിക്കോരി മാര്‍ക്ക് നല്‍കി. അഭിമുഖത്തില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചതോടെ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ മൂന്നുപേരും ഇടത് സര്‍വീസ് സംഘടനാ ഭാരവാഹികളാണ്.

ആസൂത്രണ ബോര്‍ഡിലെ സോഷ്യല്‍ സര്‍വീസ്, പ്ലാന്‍ കോ ഓര്‍ഡിനേഷന്‍, ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് എന്നീ വിഭാഗങ്ങളിലെ ചീഫ് തസ്തിയുടെ റാങ്ക് ലിസ്റ്റ് ഈ മാസം 3ന് പ്രസിദ്ധീകരിച്ചപ്പോഴാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെടുന്നത്. സോഷ്യല്‍ സര്‍വീസ് ഡിവിഷനില്‍ എഴുത്തുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് സൗമ്യ പി.ജെ യാണ്, 91.75 മാര്‍ക്ക്. അഭിമുഖത്തില്‍ സൗമ്യക്ക് കിട്ടതാകട്ടെ 40ല്‍ 11 മാര്‍ക്ക് മാത്രം.

അതേസമയം 85 മാര്‍ക്കുള്ള സ്വരാജ് എന്ന ഉദ്യോഗാര്‍ഥിക്ക് 40ല്‍ 36 മാര്‍ക്ക് നല്‍കിയിരിക്കുന്നു. അഭിമുഖത്തില്‍ 90 ശതമാനം മാര്‍ക്ക് ലഭിച്ച മൂന്നുപേരും ഇടത് അനുകൂല സര്‍വീസ് സംഘടനയായ കെ.ജി.ഒ.എയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളാണ്. ജോസഫൈന്‍, ഷാജി, ബിന്ദു പി വര്‍ഗീസ് എന്നിവര്‍ തന്നെയാണ് ഈ മൂന്നു റാങ്ക് ലിസ്റ്റിലും ആദ്യ റാങ്കുകാര്‍. ഷാജിക്ക് ഒരു അഭിമുഖത്തില്‍ 40ല്‍ 38 മാര്‍ക്കും നല്‍കിയിരിക്കുന്നു. അഭിമുഖത്തില്‍ 70 ശതമാനത്തിലധികം മാര്‍ക്ക് നല്‍കരുതെന്ന് മുപ്പത് വര്‍ഷത്തിലേറെയായി തുടരുന്ന കീഴ് വഴക്കം ലംഘിച്ചാണ് പി. എസ്.സിയുടെ നടപടി.

പ്ലാനിങ് ബോര്‍ഡിലെ മുന്‍പരിചയമാണ് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ കാരണമെന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണം. അതേസമയം അഭിമുഖത്തില്‍ പങ്കെടുത്ത പ്ലാനിങ് ബോര്‍ഡില്‍ മറ്റു ജീവനക്കാര്‍ക്കോ കേന്ദ്ര പ്ലാനിങ് വകുപ്പിലെ ജീവനക്കാര്‍ക്കോ ഈ ആനുകൂല്യം കിട്ടിയിട്ടുമില്ല.