India Kerala

പി.എസ്.സി വിശദീകരണത്തിന് ശേഷവും ആസൂത്രണ ബോര്‍ഡിലേക്കുള്ള അഭിമുഖം സംബന്ധിച്ച സംശയങ്ങള്‍ ബാക്കി

പി.എസ്.സി വിശദീകരണത്തിന് ശേഷവും ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികക്കുള്ള അഭിമുഖം സംബന്ധിച്ച സംശയങ്ങള്‍ ബാക്കി. 70 ശതമാനത്തിലധികം മാര്‍ക്ക് ഉയര്‍ന്ന തസ്തികകള്‍ക്ക് നല്‍കിയ കീഴ് വഴക്കം മുപ്പതുവര്‍ഷമായി നിലവിലില്ല. കേന്ദ്ര പ്ലാനിങ് ബോര്‍ഡ് അണ്ടര്‍ സെക്രട്ടറി അടക്കം പ്ലാനിങ് രംഗത്ത് അനുഭവജ്ഞാനമുള്ളവര്‍ക്കും അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല.

ആസൂത്രണ ബോര്‍ഡിലെ ചീഫിന് വേണ്ടിയുള്ള അഭിമുഖത്തിന് ഇടത് സംഘടനക്കാര്‍ക്ക് അധികം മാര്‍ക്ക് നല്‍കിയ സംബന്ധിച്ച് പി.എസ്.സി രണ്ട് കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്. പ്ലാനിങ് രംഗത്ത് അനുഭവപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിച്ചു എന്നതാണ് ഒന്നാമത്തേത്. എന്നാല്‍ കേന്ദ്ര പ്ലാനിങ് വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ രാകേഷ്.എആറിന് ലഭിച്ചത് 18 മാര്‍ക്ക് മാത്രാണ്.

എകണോമിക് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ അസി ഡയറക്ടര്‍ സലീനക്ക് 16 മാര്‍ക്കും, പഞ്ചായത്ത് പ്ലാന്‍ തയാറാക്കുന്നതിന് പരിശീലനം നല്‍കാനായി മുഖ്യമന്ത്രി രൂപം നല്‍കിയ വിദഗ്ദ സമിതിയിലെ അംഗം ഉമ്മര്‍കോയക്ക് 16 മാര്‍ക്കും മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ സ്റ്റേറ്റ് റിസോഴസ് സെന്‍ററി പ്രോഗ്രാം മാനേജര്‍ മാത്രമായ സ്വരാജിന് 36 മാര്‍ക്ക് ലഭിക്കുകകയും ചെയ്തു. വൈദഗ്ദ്യമാണ് മാനദണ്ഡമാക്കിയതെന്ന വാദം ചോദ്യം ചെയ്യപ്പെടുന്നത് ഈ കാരണങ്ങളാണ്. ഉയര്‍ന്ന തസ്തികകളില്‍ 70 ശതാനത്തിന് മുകളില്‍ മാര്‍ക്ക് നല്‍കാറില്ല എന്ന കീഴ് വഴക്കം ഉയര്‍ന്ന തസ്തികളില്‍ ബാധകമില്ലെന്നതാണ് മറ്റൊരു വിശദീകരണം. എന്നാല്‍ ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെ ഒരു പോസ്റ്റിലും 70 ശതമാനത്തിലധികം മാര്‍ക്ക് നല്‍കാറില്ല. പ്ലാനിങ് ബോര്‍ഡിലെ ചീഫ് തസ്തികയില്‍ കഴിഞ്ഞ നിയമനങ്ങളിലും ഇത്തരം കീഴ് വഴക്കമില്ലെന്നാണ് പി.എസ്.സി വൃത്തങ്ങള്‍ പറയുന്നത്.